പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആഭ്യന്തരമന്ത്രി അമിത്ഷായെയും ട്രോളിക്കൊണ്ടുള്ള വീഡിയോ പങ്കുവച്ചതിന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് കവി കെ സച്ചിദാനന്ദൻ. 24 മണിക്കൂർ പോസ്റ്റും ലൈക്കും വിലക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് ഫേസ്ബുക്ക് വിലക്ക് വന്നതെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായെയും കേരളത്തിലെ ബിജെപിയുടെ പരാജയത്തെയും കറിച്ചുള്ള നർമ്മം കലർന്ന ഒരു വീഡിയോയും മോഡിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നർമ്മരസത്തിലുള്ള പരസ്യവും, രണ്ടും എനിക്ക് വാട്സപ്പിൽ അയച്ചു കിട്ടിയതാണ്, പോസ്റ്റു ചെയ്തപ്പോഴാണു് ഇതുണ്ടായത്.
ഏപ്രിൽ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു- അത് ഒരു ഫലിതം നിറഞ്ഞ കമൻ്റിനായിരുന്നു. അതിനും മുമ്പും പല കമൻറുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കിൽ നിന്നാണ് വന്നത്. അടുത്ത കുറി നിയന്ത്രിക്കുമെന്ന് അതിൽ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിന്റെ അറിയിപ്പിൽ പറഞ്ഞത് 24 മണിക്കൂർ ഞാൻ പോസ്റ്റ് ചെയ്യുന്നതും കമൻ്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം 24 മണിക്കൂർ നേരത്തെ യ്ക്ക് വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്.
അവരുടെ കമ്യൂണിറ്റി സ്റ്റാൻഡേഡ്സ് ലംഘിച്ചു എന്നാണ് പരാതി. ഇന്ന് പാതിരാത്രിക്ക് വിലക്കു തീരും .ഇനി ഇടയ്ക്കിടയ്ക്ക് ഇതു പ്രതീക്ഷിക്കാമെന്നു തോന്നുന്നു. ഇങ്ങിനെ വിമർശനങ്ങളെ അടിച്ചമർത്തുന്നതിനെതിരെ Lancet-ൽ വന്ന ഒരു ലേഖനം പോസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ You are trying to post something other people on Facebook have found abusive’ എന്ന മെസ്സേജ് ഇപ്പോൾ ഫേസ് ബുക്കിൽ നിന്നു കിട്ടി. ഇതിന്നർത്ഥം ഒരു നിരീക്ഷക സംഘം എന്നെപ്പോലുള്ള വിമർശകർക്കു പിറകേ ഉണ്ടെന്നാണെന്നും അദ്ദേഹം ആരോപിക്കുന്നു.