കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാക്സിൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരാതികൾ ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തതിനുശേഷം സ്ളോട്ട് ലഭിക്കുന്നില്ല എന്ന പ്രശ്നം നേരിടുന്നതായിവാർത്തകൾ വരുന്നു. വാക്സിന്റെ ദൗർലഭ്യമാണ് അതിന്റെ കാരണം. ഇപ്പോൾ നമ്മുടെ കയ്യിൽ 3, 68,840 ഡോസ് വാക്സിൻ മാത്രമാണ് ഉള്ളത്. ഈ സാഹചര്യം മൂലമാണ് കേന്ദ്രത്തോട് 50 ലക്ഷം ഡോസ് വാക്സിൻ ഒറ്റയടിക്ക് തരണമെന്ന് ആവശ്യപ്പെടുന്നത്. പുതിയ വാക്സിൻ പോളിസി കേന്ദ്രം നടപ്പിലാക്കുന്നതിനു മുമ്പ് തന്നെ നമ്മൾ അതാവശ്യപ്പെടുന്നുണ്ടായിരുന്നു.
എന്തിനാണ് ഇത്രയധികം വാക്സിനുകൾ ഒരുമിച്ച് എന്നൊരു ചോദ്യം പലരും ചോദിക്കുന്നുണ്ട്. ഒന്നോ രണ്ടോ ദിവസത്തേയ്ക്കുള്ള കണക്കു വച്ച് ലഭ്യമായാൽ മതിയല്ലോ എന്നാണ് അവർ ധരിച്ചു വച്ചിരിക്കുന്നത്.
അവിടെയാണ് സ്ളോട്ടുകൾ അനുവദിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നം ഉയരുന്നത്. നിലവിൽ വാക്സിനുയരുന്ന ഡിമാന്റനുസരിച്ച് കുറേ ദിവസങ്ങൾ മുൻകൂട്ടി സ്ളോട്ടുകൾ അനുവദിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ പരമാവധി വാക്സിൻ സ്റ്റോക്കിൽ ഉണ്ടാവുകയും സ്ളോട്ടനുവദിക്കുന്ന കേന്ദ്രങ്ങളിൽ അതു ലഭ്യമാകുമെന്ന് ഉറപ്പു വരുത്തുകയും വേണം. പക്ഷേ, വാക്സിൻ ആവശ്യത്തിന് സ്റ്റോക്ക് ഇല്ലാത്തതിനാൽ ഇതു സാധ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നിലവിൽ വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസത്തേക്കുള്ള വാക്സിൻ തൊട്ടുമുൻപുള്ള ദിവസമാണ് ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നത്. ആ രീതിയിൽ അടുത്ത ദിവസത്തേക്കുള്ള സ്ളോട്ടുകൾ ഇന്നു രജിസ്ട്രേഷനായി അനുവദിക്കുമ്പോൾ അൽപ സമയത്തിനുള്ളിൽ തീരുകയാണ്. ആ ദിവസം അതിനു ശേഷം വെബ്സൈറ്റിൽ കയറുന്ന ആളുകൾക്ക് അടുത്ത ദിവസങ്ങളിലൊന്നും സ്ളോട്ടുകൾ കാണാൻ സാധിക്കില്ല. അതിന്റെ അർഥം തുടർന്നുള്ള ദിവസങ്ങളിൽ ലഭ്യമല്ല എന്നല്ല. അടുത്ത ദിവസം നോക്കിയാൽ വീണ്ടും സ്ളോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ട്. വാക്സിൻ ദൗർലഭ്യം പരിഹരിച്ച് കുറച്ചധികം ദിവസങ്ങളിലേയ്ക്കുള്ള സ്ളോട്ടുകൾ ഷെഡ്യൂൾ ചെയ്തു വയ്ക്കാൻ സാധിച്ചാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ. അതിനാവശ്യമായ ശ്രമങ്ങൾ സർക്കാർ നടത്തി വരികയാണ്.
അതിഥിതൊഴിലാളികൾ താമസിക്കുന്ന ചില സ്ഥലങ്ങളിൽ കോവിഡ് സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇത് പരിഹരിക്കാനായി സബ്ബ് ഡിവിഷൻ തലത്തിൽ ഡിവൈ.എസ്.പിമാരെ ചുമതലപ്പെടുത്തി. ഇവർ നേരിട്ട് ഇത്തരം സ്ഥലങ്ങൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തും. അതിഥിതൊഴിലാളികൾ കേരളത്തിൽ സുരക്ഷിതരാണെന്നും അവർക്ക് വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നും അവരെ ബോധ്യപ്പെടുത്തും.