സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ബിജെപി നേതാവ്. ബീഹാർ സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻ എംഎൽഎയുമായ മിഥിലേഷ് കുമാർ തിവാരിയാണ് വിവാദ പരാമർശം നടത്തിയത്. യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചതിനേക്കുറിച്ചാണ് ബിജെപി നേതാവ് സമൂഹമാധ്യമമായ ട്വിറ്ററിൽ വിവാദമായ കുറിപ്പെഴുതിയത്. ചൈനയെ പിന്തുണക്കുന്ന സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി ചൈനീസ് കൊറോണ ബാധിച്ച് മരിച്ചു എന്നാണ് ബിജെപി നേതാവ് ട്വിറ്ററിൽ കുറിച്ചത്. വിവിധ കോണുകളിൽനിന്ന് രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതിനേത്തുടർന്ന് ബിജെപി നേതാവ് കുറിപ്പ് പിന്നീട് പിൻവലിച്ചു. യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധയേത്തുടർന്ന് വ്യാഴാഴ്ചയാണ് മരിച്ചത്. സീതാറാം യെച്ചൂരി തന്നെയാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനു പിന്നാലെയായിരുന്നു ബിജെപി നേതാവിൻ്റെ വിവാദ ട്വീറ്റ്. സംഘി മനസ്ഥിതിയാണ് ബിജെപി നേതാവിലൂടെ പുറത്തുവന്നതെന്നാണ് വിവാദ ട്വീറ്റിനേക്കുറിച്ച് ആർജെഡി പ്രതികരിച്ചത്. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള അടക്കം നിരവധി രാഷ്ട്രീയ പാർട്ടി നേതാക്കളും തിവാരിയുടെ കുറിപ്പിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.