അണവ മലിനജലം ജപ്പാൻ കുടിച്ചു കാണിക്കട്ടേയെന്ന് ചൈന

ഫുക്കുഷിമ ആണവനിലയത്തിൽനിന്നുള്ള മലിനജലം സമുദ്രത്തിൽ തള്ളാനുള്ള ജപ്പാൻ്റെ തീരുമാനത്തിൽ കടുത്ത വിമർശനം ഉയരുന്നു. സുരക്ഷിതമായ ജലമാണിതെന്ന ജപ്പാൻ്റെ വാദത്തെ ചോദ്യം ചെയ്തുകൊണ്ട് അയൽരാജ്യമായ ചൈനയാണ് ശക്തമായ എതിർപ്പുമായി പ്രധാനമായും രംഗത്തെത്തിയിരിക്കുന്നത്‌. പത്ത് ലക്ഷം ടൺ മലിനജലമാണ് ജപ്പാൻ പസഫിക് സമുദ്രത്തിൽ തള്ളുന്നത്. ജലം സുരക്ഷിതമാണെന്ന് ജപ്പാനുറപ്പുണ്ടെങ്കിൽ കുടിച്ചു കാണിക്കട്ടെയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഴാവോ ലിജിയാൻ വെല്ലുവിളിച്ചിരിക്കുകയാണ്. ആണവ പ്ലാൻ്റിൽ നിന്നും തള്ളാൻ പോകുന്ന സംസ്കരിച്ച ജലം മനുഷ്യ ഉപയോഗത്തിന് സുരക്ഷിതമാണെന്ന് ജപ്പാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി താരോ അസോ നേരത്തെ പ്രസ്താവിച്ചിരുന്നു. അങ്ങനെയെങ്കിൽ അദ്ദേഹം തന്നെ അതു കുടിച്ചു കാണിക്കട്ടെ എന്നാണ് ഴാവോ ലിജിയാൻ വെല്ലുവിളിച്ചിരിക്കുന്നത്. ജപ്പാൻ്റെ ഫുക്കുഷിമ തീരം ലോകത്തിലെ ഏറ്റവും സമുദ്രജലപ്രവാഹമുള്ള തീരങ്ങളിലൊന്നാണെന്ന് ജർമൻ മറൈൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുണ്ട്. അണവനിലയത്തിൽ നിന്നു തള്ളുന്ന മലിനജലം ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും പത്തു വർഷത്തിനുള്ളിൽ എത്തിച്ചേരും. ഇത് ലോകത്തിനാകെ ഭീഷണിയാകുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ആണവ നിലയത്തിൽ നിന്നുള്ള സംസ്കരിച്ച വെള്ളത്തിൽ അപകടകരമായ തോതിൽ ഇപ്പോഴും കാർബർ-14 അടങ്ങിയിട്ടുണ്ടെന്ന് ലോകത്തെ പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീൻപീസും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. 2011ലുണ്ടായ അതിശക്തമായ സുനാമിയെ തുടര്‍ന്ന് ഫുക്കുഷിമ ആണവ കേന്ദ്രത്തിലുണ്ടായ ദുരന്തത്തിന് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മലിനജലം കടലിൽ തള്ളാൻ ജപ്പാൻ തീരുമാനിച്ചിരിക്കുന്നത്.

Share This News

0Shares
0