ടോക്യോ ഒളിമ്പിക്സ് വീണ്ടും നീട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. ലോകത്തെമ്പാടും കോവിഡ് വീണ്ടും വ്യാപനം തുടങ്ങിയതാണ് ഒളിമ്പിക്സ് നടത്തിപ്പിനെ ആശങ്കയിലാഴ്ത്തുന്നത്. സ്ഥിതി വഷളാകുന്ന സാഹചര്യമാണെങ്കിൽ ഒളിമ്പിക്സ് റദാക്കേണ്ടിവരുമെന്ന് ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സെക്രട്ടറി ജനറൽ തോഷിഹിരോ നികായി പറഞ്ഞതായി ക്യോഡോ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2020 ജൂലൈയിൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് കോവിഡ് മൂലമാണ് ഈ വർഷം ജൂലൈയിലേക്ക് മാറ്റിയത്. ജൂലൈ 23 നാണ് ആരംഭിക്കാനിരുന്നത്. എന്നാൽ കോവിഡ് വീണ്ടും രൂക്ഷമാകാൻ തുടങ്ങിയതോടെ ജപ്പാൻകാർക്കിടയിൽ ആശങ്ക വർധിച്ചതായി അഭിപ്രായ സർവെകൾ വന്നു. ലോകരാജ്യങ്ങളിൽ നിന്നായി പതിനായിരത്തിലേറെ കായിക താരങ്ങളും ലക്ഷക്കണക്കിന് കാഴ്ചക്കാരും ജപ്പാനിലേക്കെത്തുന്നത് സ്ഥിതി രൂക്ഷമാക്കുമെന്നാണ് ജപ്പാൻകാർ ആശങ്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഭരണകക്ഷിയുടെ സെക്രട്ടറി ജനറലിൻ്റെ അഭിപ്രായപ്രകടനം വ്യാഴാഴ്ച ഉണ്ടായത്. ജപ്പാനിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ തലസ്ഥാന നഗരം കൂടിയായ ടോക്യോയിലാണ്. രാജ്യത്ത് മൊത്തം അഞ്ച് ലക്ഷത്തി പതിമൂവായിരംപേർ കോവിഡ് ബാധിതരായപ്പോൾ ടോക്യോയിൽ മാത്രം ഒരു ലക്ഷത്തി ഇരുപത്താറായിരം പേർ രോഗബാധിതരായി. ജനസംഖ്യയുടെ O.4 ശതമാനം പേർ മാത്രമേ വാക്സിൻ എടുത്തിട്ടുള്ളൂ. സുരക്ഷ പരമപ്രധാനമായി പരിഗണിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ജപ്പാനീസ് അധികൃതരും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജനങ്ങളെ അലട്ടുന്നത് ഇതാണ്.