തെരഞ്ഞെടുപ്പ് നീട്ടിവെക്കൽ: ബിജെപി ലക്ഷ്യം രാജ്യസഭ കീഴടക്കൽ

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ലക്ഷ്യമിടുന്നത് രാജ്യസഭാ സീറ്റുകളും. നിലവിൽ 239 സീറ്റുകളുള്ള രാജ്യസഭയിൽ ബിജെപിയുടെ 95 സീറ്റുകൾ ഉൾപ്പടെ എൻഡിഎയ്ക്ക് 110 സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് ഒമ്പതു സീറ്റുകളുടെ മാത്രം കുറവ്. ബംഗാളിൽ നിന്നും ആസാമിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഈ കുറവ് പരിഹരിക്കുകയാണ് ബിജെപിയുടെ തന്ത്രം. ഇതിൻ്റെ ഭാഗമായി നടത്തിയ അസൂത്രിത നീക്കമാണ് എലക്ഷൻ കമീഷനേക്കൊണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പു നീട്ടിവെപ്പിക്കാൻ നടത്തുന്ന നീക്കമെന്നാണ് വിലയിരുത്തൽ. രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള നീക്കത്തിനെതിരെ ഇടതുപക്ഷം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിൽ നിന്നുള്ള എംഎൽമാരുടെ എണ്ണമാണ് രാജ്യസഭാ സീറ്റുകളിലെ വിജയം തീരുമാനിക്കുന്നത്. ഇപ്പോൾ തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും 22 രാജ്യസഭാ എം പിമാരെ തെരഞ്ഞെടുക്കാനാകും. ബംഗാളിൽനിന്നു മാത്രം ഇതിൽ പകുതി വരും. രാജ്യസഭയിൽ കേവല ഭൂരിപക്ഷം നേടാനായാൽ നിർണായക ബില്ലുകൾ എളുപ്പം പാസാക്കിയെടുക്കാൻ ബിജെപിക്ക് കഴിയും. ഏക സിവിൽ കോഡ് അടക്കമുള്ള വിവാദ നിയമങ്ങൾ രാജ്യത്ത് നടപ്പാക്കാനുള്ള സംഘപരിവാർ നീക്കത്തിന് ഇത് സഹായകമാകും സംസ്ഥാങ്ങളുടെ അധികാരം മറികടന്നു കൊണ്ടുള്ള നിയമങ്ങളും കേന്ദ്ര സർക്കാർ നടപ്പിലാക്കിയേക്കാം. നിലവിലെ നിയമസഭകളുടെ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പു നടത്താതിരിക്കൽ ഭരണഘടനാ ലംഘനമാണെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര നിയമമന്ത്രാലയത്തിൻ്റെ ശുപാർശ പ്രകാരമാണ് തെരഞ്ഞെടുപ്പു മാറ്റി വെച്ചിരിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പു കമീഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. പുതിയ നിയമസഭകൾ വന്ന ശേഷമേ ഇനി രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പു നടത്തൂ എന്നും തെരഞ്ഞെടുപ്പു കമീഷൻ വ്യക്തമാക്കിയിരിക്കുകയാണ്.

Share This News

0Shares
0