എൽജി സ്മാർട്ട് ഫോണിൽനിന്ന് വിടവാങ്ങുന്നു

ദക്ഷിണ കൊറിയയിലെ പ്രമുഖ എലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമാതാക്കളായ എൽജി സ്മാർട്ട് ഫോൺ ഉൽപ്പാദനം അവസാനിപ്പിക്കുന്നു. സ്മാർട്ട് ഫോൺ വിപണിയിൽ ലോകത്ത് മൂന്നാം സ്ഥാനത്തുണ്ടായിരുന്ന എൽജി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതുമൂലമാണ് സ്മാർട്ട് ഫോൺ നിർമാണം നിർത്തുന്നത്. തിങ്കളാഴ്ച ചർന്ന ഡയറക്ടർ ബോർഡിലാണ് തീരുമാനം എടുത്തത്. ജൂലൈ മാസം അവസാനത്തിൽ നിർമാണം പൂർണമായി അവസാനിപ്പിക്കും. നിലവിലുള്ള മോഡലുകളുടെ തുടർ സേവനങ്ങൾ നിശ്ചിതകാലം വരെ ചില പ്രദേശങ്ങളിൽ കമ്പനി തുടരും. എലക്ട്രിക് വാഹനങ്ങളുടെ ഉപകരണങ്ങളുടെ നിർമാണം, സ്മാർട്ട്ഹോംസ്, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിസിനസ് ടു ബിസിനസ് സൊല്യൂഷൻസ്, പ്ലാറ്റ്ഫോമുകൾ, സേവനങ്ങൾ എന്നിവയിൽ ഇനി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. കഴിഞ്ഞ അഞ്ചു വർഷമായി കമ്പനിയുടെ മൊബെൽ ഫോൺ വിഭാഗം 450 കോടി ഡോളറിൻ്റെ നഷ്ടത്തിലെത്തിയിരുന്നു. ലോക വിപണിയിൽ രണ്ടു ശതമാനമായി മാർക്കറ്റ് ഷെയർ കുറഞ്ഞു. രണ്ടു ലക്ഷത്തി നാൽപ്പതിനായിരം സ്മാർട്ട് ഫോണുകളേ 2020ൽ കമ്പനിക്ക് വിറ്റഴിക്കാനായുള്ളൂ. എന്നാൽ സാംസങ്ങും ആപ്പിളും ഇതേ കാലയളവിൽ 25 ലക്ഷത്തി അറുപതിനായിരവും ഇരുപത് ലക്ഷത്തി ആയിരവും പുതിയ ഫോണുകൾ യഥാക്രമം വിറ്റഴിച്ചു.

Share This News

0Shares
0