തെരഞ്ഞെടുപ്പ് ബഹിഷ്കരണം അഭ്യർത്ഥിച്ച് കമ്യൂണിസ്റ്റു പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ പേരിൽ പോസ്റ്റുകൾ. വയനാട് ജില്ലയിലെ തൊണ്ടർനാടുള്ള മട്ടിലയം ബസ് വെയ്റ്റിങ് ഷെഡ്ഡിലാണ് പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്. കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വത്തിനും സിപിഎം മുന്നണിയുടെ അവസരവാദത്തിനും ബ്രാഹ്മണിക്കൽ ഫാസിസത്തെ ചെറുക്കാനാവില്ലെന്നും തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ജനകീയ യുദ്ധത്തിൽ മുന്നേറുക എന്നുമാണ് ഒരു പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നത്. മറ്റൊരു പോസ്റ്ററിൽ പ്രദേശവാസികളായ മൂന്ന് പേരുടെ പേരെടുത്തു പറയുന്നുണ്ട്. ആലി, ടോമി, റഹ്മാൻ എന്നിവർ തൊണ്ടർനാട് പഞ്ചായത്തിലെ കർഷകരെ ചൂഷണം ചെയ്യുന്നതിനെ തിരുത്തുക, കർഷകരുടെ വിളകൾക്ക് ന്യായമായ വില കൊടുക്കുക, കർഷകരെയും ആദിവാസികളെയും വഞ്ചിക്കുന്ന രാഷ്ട്രീയ പാർട്ടികളെ ബഹിഷ്കരിക്കുക എന്നിങ്ങനെയാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. പുലർച്ചെയോടെയാണ് പോസ്റ്ററുകൾ ശ്രദ്ധയിൽപെട്ടത്. രാത്രിയാകാം പോസ്റ്ററുകൾ ഒട്ടിച്ചതെന്ന് കരുതുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. തണ്ടർബോൾട്ടിനെ വിന്യസിച്ച് നിരവധി പേരെ വെടിവെച്ച് കൊന്നതടക്കം പൊലീസ് നടപടികൾ ശക്തമാക്കിയിട്ടും മാവോയിസ്റ്റ് കമ്യൂണിസ്റ്റു വിഭാഗം മലബാറിലെ വനാന്തരങ്ങളിലെ ഗോത്ര ജന വിഭാഗങ്ങൾക്കിടയിലും സമീപപ്രദേശങ്ങളിലെ കർഷകർക്കിടയിലും സാന്നിധ്യം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നതായാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.