ഇന്ധനവില തുടർച്ചയായ ഒമ്പതാം ദിവസവും കൂട്ടി

രാജ്യത്ത് തുടർച്ചയായ ഒമ്പതാം ദിവസവും പെട്രോൾ,ഡീസൽ വില കുതിക്കുന്നു. വലിയ തോതിലുള്ള വർധന ജനത്തിന് ഇരുട്ടടിയാവുകയാണ്. അവശ്യസാധനങ്ങളുടെ വിലയും രാജ്യത്ത് വർധിച്ചു തുടങ്ങി. ഫെബ്രുവരി മാസത്തിൽ തുടർച്ചയായ ഒമ്പതാം ദിവസമാണ് പെട്രോൾ ഡീസൽ വിലകൂട്ടിയത്. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന്‌ വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 89 രൂപ 57 പൈസയായി. ഡീസലിന് 84 രൂപ 11 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 24 പൈസയും ഡീസലിന് 85 രൂപ 51 പൈസയുമായി. അതേസമയം ഭോപ്പാൽ അടക്കം മധ്യപ്രദേശിൽ പലയിടത്തും പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന്‌ നൂറുകടന്നു. സാധാരണ പെട്രോളിന്റെ വില രാജസ്ഥാനിലും മധ്യപ്രദേശിലും ‌ നൂറിനടുത്തെത്തി.

പ്രീമിയം പെട്രോൾ വില 100 കടന്നതോടെ പഴയ രീതിയിലുള്ള അനലോഗ്‌ മീറ്റർ ഉപയോഗിക്കുന്ന പല പമ്പുകളും അടച്ചു. അനലോഗ്‌ മീറ്ററുകളിൽ പെട്രോൾ വില രണ്ടക്കം മാത്രമേ രേഖപ്പെടുത്തൂ. സാധാരണക്കാരന് ഇരുട്ടടിയായി പാചക വാതക വിലയും വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹികാവശ്യ പാചക വാതകത്തിന് 50 രൂപയാണ് ഇന്നലെ വര്‍ധിപ്പിച്ചത്. മൂന്നു മാസത്തിനിടെ പാചകവാതകത്തിന് 175 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
രാജസ്ഥാനിലെ ഗംഗാനഗറിൽ പെട്രോളിന് 99.26 രൂപ. ഹനുമാൻഗഡിൽ 98.22, ജയ്‌സാൽമീറിൽ 97.73. മധ്യപ്രദേശിലെ സിദ്ദിയിൽ പെട്രോൾ വില 98.14. ഷാഹ്‌ദോളിൽ 98.67 ഉം ഖാണ്ഡ്‌വയിൽ 98.31 ഉം റായസെനിൽ 98.63 ഉം സത്‌നയിൽ 98.58 ഉം രൂപയാണ്‌ പെട്രോൾ വില.

Share This News

0Shares
0