സി.പി.എം-ബി.ജെ.പി ബന്ധം ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രതിപക്ഷം ബി.ജെ.പി- സി.പി.എം അവിഹിത ബന്ധത്തെ കുറിച്ച് സംസാരിച്ചിരുന്നു. പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്നതാണ് ഇപ്പോള്‍ നടന്ന സംഭവങ്ങള്‍. കൂട്ടുപ്രതിയെ തള്ളപ്പറഞ്ഞ് ഒന്നാം പ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിക്ക് ദല്ലാള്‍ നന്ദകുമാറിനോട് മാത്രമെ വിരോധമുള്ളൂ. വി.എസ് അച്യുതാനന്ദന്-പിണറായി പോരാട്ട കാലത്ത് അച്യുതാനന്ദന്റെ കൂടെയുണ്ടായിരുന്ന ആളാണ് നന്ദകുമാര്‍. അതുകൊണ്ടാണ് പിണറായിക്ക് ദേഷ്യം. നന്ദകുമാറും അച്യുതാനന്ദനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് 2011-ല്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ ആളാണ് ഞാന്‍. പല സി.പി.എം നേതാക്കളുമായും നന്ദകുമാറിന് ബന്ധമുണ്ട്. എന്നിട്ടാണ് ഏത് നന്ദകുമാ റെന്ന് ഇ.പി ജയരാജന് ചോദിച്ചത്. നന്ദകുമാറിന്റെ വീട് സന്ദര്‍ശിച്ച് അയാളുടെ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തയാളാണ് ജയരാജന്.
ജയരാജന് ജാവദേദ്ക്കറെ കണ്ടതിലും സംസാരിച്ചതിലും ഒരു കുഴപ്പവുമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് ഇ.പി ജയരാജന് ജാവദേദ്ക്കറെ സന്ദര്‍ശിച്ചത്. കേരളത്തിലെ ബി.ജെ.പിയുടെ ചുമതലയുള്ള പ്രഭാരിയായ ജാവദേദ്ക്കറുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ക്ക് എന്താണ് സംസാരിക്കാനുള്ളത്. താനും എത്രയോ തവണ ജാവദേദ്ക്കറെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയാതെ പറയുന്നുണ്ട്. മുഖ്യമന്ത്രി എന്തിനാണ് കേന്ദ്ര മന്ത്രി അല്ലാത്ത ജാവദേദ്ക്കറെ പല തവണ കണ്ടത്? ഇ.പി ജയരാജന്റെ വീട്ടിലേക്ക് പ്രകാശ് ജാവദേദ്ക്കര്‍ എന്തിനാണ് പോയത്? പിടിക്കപ്പെട്ടുവെന്ന് കണ്ടപ്പോള്‍ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ്. ശിവന്റെ കൂടെ പാപി ചേര്‍ന്നാല്‍ പാപിയും ശിവനാകുമെന്നാണ് പറയുന്നത്. യഥാര്‍ഥ ശിവനാണെങ്കില്‍ പാപി കത്തിയെരിഞ്ഞ് പോകും. ഇത് ഡൂപ്ലിക്കേറ്റ് ശിവനാണ്. പിശാചിന്റെ കൂടെ പിശാച് ചേര്‍ന്നാല്‍ പിശാച് ഒന്നു കൂടി പാപിയാകും. ശിവന്റെ കൂടെ പാപി ചേര്‍ന്നാല്‍ പാപിയും ശിവനാകുമെന്നത് എന്ത് പഴഞ്ചൊല്ലാണ്? കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തോല്‍പ്പിക്കാന്‍ കേരളത്തിലെ സി.പി.എം നേതാക്കളും ബി.ജെ.പി നേതാക്കളും തമ്മില്‍ നിരന്തരമായ ചര്‍ച്ച നടക്കുകയാണ്. തൃശൂരില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് സി.പി.എം നേതാക്കള്‍ പരസ്യമായി പറഞ്ഞു തുടങ്ങി. ഇതോടെ സി.പി.എം വോട്ട് കൂടി യു.ഡി.എഫിന് കിട്ടുന്ന അവസ്ഥയാണ്. ആത്മാര്‍ത്ഥയുള്ള ഒരു സി.പി.എമ്മുകാരനും ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല. കരുവന്നൂരില്‍ ഇ.ഡി വന്നത് സി.പി.എമ്മിന്റെ വോട്ട് വാങ്ങാനാണെന്ന് യു.ഡി.എഫ് തുടക്കത്തിലേ പറഞ്ഞതാണ്. അതുകൊണ്ടാണ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാതെ ഇ.ഡി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുന്നത്. അതിന് വേണ്ടിയാണ് തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത്. വര്‍ഗീയത ഉണ്ടാക്കി ബി.ജെ.പിക്ക് സ്പേസ് ഉണ്ടാക്കിക്കൊടുക്കാനാണ് ശ്രമിച്ചത്. ഒരു സീറ്റ് പോലും ജയിക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോള്‍ മനസിലായി. വെറുക്കപ്പെട്ടവന്‍ എന്നതു പോലെ വിധിക്കപ്പെട്ടവന് വേണമല്ലോ. അതുകൊണ്ടാണ് ഇങ്ങനെയുള്ള ആളുകളുമായി ബന്ധപ്പെടാന്‍ പാടില്ലെന്ന് പിണറായി വിജയന് ഇ.പി ജയരാജനെ ഉപദേശിച്ചത്. ഇങ്ങനെയുള്ള ആളുകളുമായി ഏറ്റവും അധികം ബന്ധമുള്ള ആളാണ് പിണറായി. വി.എസ് അച്യുതാനന്ദന് വെറുക്കപ്പെട്ടവന്‍ എന്ന് വിളിച്ച ആളുമായി പിണറായിക്ക് ഇപ്പോഴും ബന്ധമുണ്ട്. ഇ.പി ജയരാജനെ വെറുക്കപ്പെട്ടവാനാക്കി മാറ്റി തിരഞ്ഞെടുപ്പ് തോറ്റതിനുള്ള കാരണക്കാരനാക്കി മാറ്റാനാണ് പിണറായി ശ്രമിക്കുന്നത്. 20 സീറ്റുകളും തോല്‍ക്കുമ്പോള്‍ പിണറായി ജയരാജനെ ബലിയാടാക്കും. യു.ഡി.എഫ് പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ശരിയാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്.
എന്തിനാണ് ജാവദേദ്ക്കറുടെ വീട്ടിലേക്ക് ഇ.പി ജയരാജന് പോയതെന്ന് ഇപ്പോഴും സി.പി.എം പറയുന്നില്ല. ജാവദേദ്ക്കറുമായി മുഖ്യമന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറും എന്താണ് സംസാരിച്ചതെന്നതാണ് യു.ഡി.എഫിന്റെ ചോദ്യം. ജയരാജന് എന്‍.ഡി.എയുടെ കണ്‍വീനറാണോ എല്‍.ഡി.എഫിന്റെ കണ്‍വീനറാണോ എന്ന യു.ഡി.എഫിന്റെ ചോദ്യം അടിവരയിടുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.
ലാവലിന്‍ കേസ് അടഞ്ഞ അധ്യായമല്ല. ആറരകൊല്ലമായി സുപ്രീം കോടതിയില്‍ പെന്‍ഡിങ് ആയ കേസാണ്. 22 തവണ രജിസ്ട്രിയിലും 38 തവണ കോടതിയും മാറ്റി വച്ച കേസാണ്. സി.പി.എം ബി.ജെ.പി ധാരണയുടെ ഭാഗമായാണ് സി.ബി.ഐ വക്കീല്‍ കോടതിയില്‍ ഹാജരാകാത്തത്. തൃശൂര്‍ കിട്ടാന്‍ വേണ്ടിയാണ് ഈ ധാരണയൊക്കെ. മാസപ്പടിയില്‍ പിടി മുറുക്കിയതും തൃശൂരിലെ പിടി മുറുക്കാന്‍ വേണ്ടിയായിരുന്നു. ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല.
ഒരു സീറ്റ് പോലും കേരളത്തില്‍ കിട്ടില്ലെന്ന് ഉറപ്പുള്ള മുഖ്യമന്ത്രിയോട് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമോയെന്ന് ചോദിച്ചാല്‍ മാധ്യമങ്ങളോട് സ്വാഭാവികമായും ചൂടാകും. സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞാല്‍ കഥ കഴിഞ്ഞില്ലേ. ഏത് ചോദ്യം ചോദിച്ചാലും മുഖ്യമന്ത്രി പൊട്ടിത്തെറിക്കും. ഇങ്ങോട്ട് പറയുന്നത് മാത്രം കേട്ടാല്‍ മതി. അതുകൊണ്ടാണ് മുഖ്യമന്ത്രിയെ ആകാശവാണി വിജയന് എന്ന് വിളിച്ചത്. റേഡിയോയോട് തിരിച്ച് ചോദിക്കാനാകില്ല.