സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടിക്കിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. നെടുങ്കണ്ടം ആശാരിക്കണ്ടം ആനിക്കുന്നേൽ ഷീബ ദിലീപ് (49) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വെള്ളിയാഴ്ച പകൽ രണ്ടരയോടെയായിരുന്നു സംഭവം.
കോടതിവിധിയെ തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ പൊലീസിന്റെ സാന്നിധ്യത്തിൽ ഷീബയുടെ വീട്ടിൽ ജപ്തി നടപടിക്കെത്തിയതായിരുന്നു. ഇതിനിടെ ഷീബ പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഷീബയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗ്രേഡ് എസ്ഐ ബിനോയി എബ്രഹാം(52), വനിതാ സിവിൽ പൊലീസ് ഓഫീസർ ടി അമ്പിളി(35) എന്നിവർക്കും പൊള്ളലേറ്റിരുന്നു. അമ്പിളിക്ക് 40 ശതമാനവും ബിനോയിക്ക് 20 ശതമാനവും പൊള്ളലേറ്റു. അമ്പിളിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ബിനോയിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ തൊടുപുഴ സിജിഎം കോടതിയുടെ ഉത്തരവുമായാണ് ഷീബയുടെ വീടും സ്ഥലവും ജപ്തി ചെയ്യുന്നതിന് എത്തിയത്. ഷീബയും കുടുംബവും സ്ഥലം വാങ്ങുന്നതിന് മുമ്പ് ഉണ്ടായിരുന്ന ഉടമ നെടുങ്കണ്ടം സൗത്ത് ഇൻഡ്യൻ ബാങ്കിൽ നിന്നും 25 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ തുക നിലനിർത്തിയാണ് സ്ഥലം വാങ്ങിയത്. പലിശയും കൂട്ടുപലിശയും ചേർത്ത് വലിയൊരു ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വീട്ടമ്മയെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച ബാങ്കിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഷീബാ ദിലീപിന്റെ വായ്പ അടച്ചുതീർക്കുന്നത് സംബന്ധിച്ച് ഒത്തുതീർപ്പ് ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ബാങ്ക് അധികൃതർ കോടതിയെ സമീപിച്ച് ഉത്തരവ് സമ്പാദിക്കുകയും ജപ്തി നടപടികളിലേക്ക് നീങ്ങുകയും ചെയ്തത്.