പ്രമുഖ സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ, വജ്രാഭരണങ്ങൾ

Representative image taken from internet പ്രമുഖ സിനിമാ സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ വൻ മോഷണം. നഷ്ടപ്പെട്ടത് ഒരു കോടിയിലേറെ വിലയുള്ള സ്വർണ–വജ്രാഭരണങ്ങൾ. ജോഷിയുടെ പനമ്പള്ളി നഗറിലെ ബി സ്ട്രീറ്റിലുള്ള അഭിലാഷം വീട്ടിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് മോഷണം നടന്നത്. വീടിന്റെ പിൻഭാഗത്തുള്ള അടുക്കളയുടെ അരികിലുള്ള ജനൽ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മോഷണം നടന്നിരിക്കുന്നത് വീടിന്റെ മുകളിലത്തെ നിലയിലുള്ള രണ്ട് മുറികളിലാണ്. മുറിയുടെ സേഫ് ലോക്കർ കുത്തിപ്പൊളിച്ചായിരുന്നു മോഷണം. ഇതിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയുടെ വജ്ര നെക്ലസ്, 8 ലക്ഷം രൂപയുള്ള വജ്രത്തിന്റെ 10 കമ്മലുകള്‍, 10 മോതിരങ്ങള്‍, സ്വർണ്ണത്തിന്റെ 10 മാലകൾ, 10 വളകൾ, വില കൂടിയ 10 വാച്ചുകള്‍ ഉള്‍പ്പെടെയാണ് മോഷ്ടിച്ചത്.

ജോഷി, ഭാര്യ സിന്ധു, മരുമകൾ വർഷ, ഇവരുടെ കുട്ടികൾ എന്നിവരാണ് മോഷണ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനും സംവിധായകനുമായ അഭിലാഷ് ജോഷി സ്ഥലത്തില്ലായിരുന്നു. പുലർച്ചെ അ‍ഞ്ചരയോടെ സിന്ധു ജോഷി ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Share This News

0Shares
0