ഭണഘടനാ വ്യവസ്ഥ ലംഘിച്ച് ഉണ്ടാക്കിയ നിയമങ്ങളെല്ലാം കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ റദ്ദാക്കുമെന്ന് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. അതുകൊണ്ട് തന്നെ പൗരത്വനിയമം റദ്ദാക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചരണ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം പ്രസ്ക്ലബില്‍ സംഘടിപ്പിച്ച പ്രകടന പത്രിക ജനകീയ ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് പ്രകടന പത്രികയുടെ പേജ് എട്ടില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിക്ക് സംശയമുണ്ടെങ്കില്‍ അത് വായിച്ചു നോക്കണം. ഭാഷാ ന്യൂനപക്ഷങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും സംരക്ഷണത്തെക്കുറിച്ച് അതില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രകടനപത്രിക ഉറപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കുന്നതും സുസ്ഥിര വികസനത്തിനും ക്ഷേമത്തിനുമുള്ള വഴികാട്ടിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക. ഭരണത്തിലെത്തുമ്പോള്‍ പ്രകടന പത്രികയെക്കുറിച്ച് മറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുള്ള നാട്ടില്‍, സാമ്പത്തിക, സാമൂഹിക, വ്യവസായ, ശാസ്ത്ര സാങ്കേതിക മേഖലകളുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതാണിത്. സ്ത്രീകള്‍, തൊഴിലാളികള്‍, യുവാക്കള്‍, അവഗണിക്കപ്പെട്ടവര്‍, നീതി നിഷേധിക്കപ്പെട്ടവര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവരെയെല്ലാം പരിഗണിച്ചു കൊണ്ടുള്ള കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്ക് രാജ്യമൊട്ടാകെ വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാജ്യത്തിന്റെ പുരോഗതിയുടെയും പിന്നില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ വ്യക്തമായ പ്ലാനിങ് ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരു പ്ലാനിങും ഇല്ലാതെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി പ്രോജക്ടുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് മോദി സര്‍ക്കാര്‍. എറ്റവും പിന്നോക്കം നില്ക്കുന്ന പ്രദേശങ്ങളെയും ജനങ്ങളെയും അവര്‍ പരിഗണിക്കുന്നില്ല. സാമൂഹിക അസന്തുലിതാവസ്ഥ അവരുടെ പരിഗണനാ വിഷയമേയല്ല. പ്രോജക്ടുകള്‍ക്കു പിന്നില്‍ കമ്മീഷനാണ് ലക്ഷ്യമെന്ന് സതീശന് പറഞ്ഞു.
ജനങ്ങള്‍ക്ക് നീതി പുനഃപ്രതിജ്ഞ ചെയ്യുന്ന മാഗ്നാകാര്‍ട്ടയാണ് പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി രാജ്യത്ത് ഭിന്നിപ്പിക്കപ്പെട്ട ജനവിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതിനായി രാഹുല്‍ ഗാന്ധി നടത്തിയ രണ്ട് ഭാരത് ജോഡോ യാത്രകളില്‍ ജനങ്ങള്‍ പങ്കുവെച്ച അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ് പ്രകടന പത്രികയിലുള്ളത്.
തെരഞ്ഞെടുപ്പില്‍ 400-ലേറെ സീറ്റുകള്‍ ലഭിക്കുമെന്നും അധികാരത്തിലേറിയാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്നും പ്രഖ്യാപിക്കുന്ന പ്രധാനമന്ത്രിയും പാര്‍ട്ടിയും രാജ്യത്തിന് അപകടമാണ്. ലോകത്തെ ഏറ്റവും മികച്ച ഭരണഘടനയാണ് നമ്മുടേത്. അത് തിരുത്തിയെഴുതാനുള്ള അവസരം സംഘ്പരിവാറിന് നല്‍കരുത്. പാര്‍ലമെന്റിനെ ദുര്‍ബലപ്പെടുത്തുകയും പാര്‍ലമെന്ററി സംവിധാനങ്ങളെ തച്ചുതകര്‍ക്കുകയും ചെയ്തതടക്കമുള്ള പത്തുവര്‍ഷത്തെ കിരാത ഭരണം അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെ കോണ്‍ഗ്രസ് പ്രകടന പത്രികയയ്ക്കെതിരേ നടത്തിയ വിമര്‍ശനം അടിസ്ഥാനരഹിതമാണ്. പാര്‍ലമെന്റില്‍ തട്ടിക്കൂട്ടിയ നിയമങ്ങളെല്ലാം ഇന്ത്യാമുന്നണി അധികാരത്തിലേറിയാല്‍ വലിച്ചെറിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വഭേദഗതി നിയമം, പൗരത്വരജിസ്റ്റര്‍ നിയമം, കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, പുതിയ തൊഴില്‍നിയമങ്ങള്‍ തുടങ്ങിയവ അവയില്‍ ഉള്‍പ്പെടുന്നു. ക്രൈസ്തവരെ കൂട്ടക്കുരുതി നടത്തിയ മണിപ്പൂര്‍ സര്‍ക്കാരിനെതിരേ അന്വേഷണത്തിന് ഉത്തരവിടുമെന്ന വാഗ്ദാനത്തിനു നേരെയും മുഖ്യമന്ത്രി കണ്ണടച്ചു. മുസ്ലീംവോട്ട് ബാങ്ക് മാത്രമാണ് പിണറായി ലക്ഷ്യമിടുന്നത്.
രാഹുല്‍ ഗാന്ധി പൗരത്വഭേദഗതി നിയമത്തിനെതിരേ ശബ്ദിച്ചതിന് രാഹുലിനെതിരേ 8 സംസ്ഥനങ്ങളിലായി 18 കേസുകളുണ്ട്. ഇതിനെതിരേ ശബ്ദിച്ചുവെന്ന് അവകാശപ്പെടുന്ന പിണറായിക്കെതിരേ ഒരിടത്തും ഒരു കേസുപോലുമില്ല. പൗരത്വഭേദഗതി നിയമത്തിനെതിരേ കേരളത്തില്‍ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരേയുള്ള കേസുകള്‍ മുഖ്യമന്ത്രി പിന്‍വലിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രകടന പത്രിക മുഖ്യമന്ത്രി വായിക്കണമെന്നും നടപ്പാക്കാന്‍ പറ്റുന്നവ മാത്രമാണ് അതില്‍ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും ഹസന് പറഞ്ഞു.