പാനൂർ ബോംബ് സ്ഫോടന കേസിൽ 2 പേർ കൂടി പിടിയിൽ

Representative image taken from internet കണ്ണൂർ പാനൂർ ബോംബ് സ്ഫോടന കേസിൽ രണ്ടുപേർ കൂടി പൊലീസ് പിടിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പൊലീസ് പിടികൂടി ചോദ്യം ചെയ്യുന്നത്. സ്ഫോടനം നടക്കുന്ന സമയത്ത് അമൽ സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം. മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് പറയുന്നു. കേസിൽ മൂന്നുപേർ നേരത്തേ അറസ്റ്റിലായിരുന്നു. ചെറുപറമ്പ് സ്വദേശി ഷെബിൻലാൽ, കുന്നോത്ത്പറമ്പ് സ്വദേശി കെ അതുൽ, ചെണ്ടയാട് സ്വദേശി അരുൺ എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനും ഗുരുതരമായി പരിക്കേറ്റ ചികിത്സയിലുള്ള വിനീഷും അടക്കം പത്തോളം പേർ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. ഇതിൽ രണ്ടുപേർ നിസാരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പ്രദേശവാസികളായ വിനോദ്, അശ്വന്ത് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരെ ആശുപത്രിയിലെത്തിച്ച ചെണ്ടക്കാട് സ്വദേശി അരുണിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യംചെയ്തതിൽ നിന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവരേക്കുറിച്ച് വിവരം ലഭിച്ചത്. പിന്നാലെ ഷബിൻ ലാലിനെയും അതുലിനെയും പിടികൂടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പാനൂരില്‍ ബോംബ് സ്‌ഫോടനമുണ്ടായത്. aബാംബ് നിർമാണത്തിനിടെ പൊട്ടിത്തെറിച്ചു. ഷെറിൻ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന നടക്കുകയാണ്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നു. പാനൂര്‍ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനമാകെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി പരിശോധനകളും കളും ശക്തമാക്കിയിട്ടുണ്ട്.

Share This News

0Shares
0