തുർക്കിയിൽ രാജ്യവ്യാപകമായി നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ വൻവിജയം നേടി പ്രധാന മതേതര പ്രതിപക്ഷ പാർട്ടി സിഎച്ച്പി. പ്രസിഡൻ്റ് റജബ് തയിപ് എർദോഗാൻ്റെ ഇസ്ലാമിക പാർട്ടിയായ എ കെ പാർട്ടിയെ പരാജയപ്പെടുത്തിയാണ് സിഎച്ച്പിയുടെ മുന്നേറ്റം. പ്രസിഡൻ്റ് എർദോഗാൻ്റ നഗരമായ ഇസ്താംബുള്ളിലും തലസ്ഥാന നഗരമായ അങ്കാറയിലും എർദോഗൻ്റെ പാർട്ടിക്ക് വൻ തിരിച്ചടിയായി തെരഞ്ഞെടുപ്പു ഫലം. പ്രസിഡൻ്റായി മൂന്നാം വട്ടം തെരഞ്ഞെടുക്കപ്പെട്ട എർദോഗാൻ നഗരങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കുമെന്ന് പ്രഖ്യാപിച്ച് ശക്തമായ പ്രചാരണമാണ് നടത്തിയിരുന്നത്. താൻ വളർന്ന് മേയറായ ഇസ്താംബൂളിൽ ഏർദോഗാൻ പ്രചാരണത്തിന് നേരിട്ടിറങ്ങിയിരുന്നു. എന്നാൽ 20i19ൽ ആദ്യമായി നഗരം നേടിയ മതേതര പ്രതിപക്ഷ കക്ഷിയുടെ നേതാവ് എക്രെം ഇമാമോഗലു മിന്നുന്ന വിജയമാണ് ഇവിടെ നേടിയത്. 50 ശതമാനത്തിലധികം ഡോട്ടുകൾ ഇദ്ദേഹം നേടി. 21 വർഷം മുമ്പ് എർദോഗൻ അധികാരത്തിലെത്തിയ ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിൻ്റെ പാർട്ടി രാജ്യത്തുടനീളം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. തലസ്ഥാനമായ അങ്കാറയിൽ, പ്രതിപക്ഷ മേയർ മൻസൂർ യാവാസ് തൻ്റെ എതിരാളിയെക്കാൾ 59 ശതമാനം വോട്ടുകൾക്ക് മുന്നിലെത്തി, പകുതിയിൽ താഴെ വോട്ടുകൾ ലഭിച്ചപ്പോൾ തന്നെ അദ്ദേഹം വിജയം പ്രഖ്യാപിച്ചിരുന്നു. പിന്തുണക്കാർ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ആഹ്ളാദ പ്രകടനം നടത്തി,
ഇസ്മിർ, ബർസ, അദാന, അൻ്റാലിയ റിസോർട്ട് എന്നിവയുൾപ്പെടെ തുർക്കിയിലെ മറ്റ് പല വലിയ നഗരങ്ങളിലും സിഎച്ച്പി മുന്നേറ്റം നടത്തി. താൻ പ്രതീക്ഷിച്ചതുപോലൊരു ഫലം തിരഞ്ഞെടുപ്പിലുണ്ടായില്ലെന്ന് എർദോഗാൻ പ്രതികരിച്ചു. എന്നാൽ ഇത് ഞങ്ങളുടെ അവസാനമല്ല, മറിച്ച് ഒരു വഴിത്തിരിവാണെന്നും എർദോഗാൻ അങ്കാറയിൽ അനുയായികളോട് പറഞ്ഞു. തുർക്കിയിലെ സാമ്പത്തികാവസ്ഥയിൽ ജനങ്ങൾ അസ്വസ്ഥരായിരുന്നു. പണപ്പെരുപ്പം 67 ശതമാനത്തിലേറെ ഉയർന്നിരുന്നു. ഇതിൻ്റെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ.