ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലിൽനിന്ന് ഭരണം നടത്താൻ അനുവദിക്കില്ലെന്ന ഭീഷണി സ്വരവുമായി കേന്ദ്രസർക്കാർ നിയമിച്ച ലഫ്. ഗവർണർ വി കെ സക്സേന. ഒരു മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സക്സേനയുടെ പ്രതികരണം. മദ്യനയത്തിൽ അഴിമതി ആരോപിച്ച് ബിജെപി നൽകിയ പരാതി സക്സേനയാണ് സിബിഐക്ക് കൈമാറിയത്. തുടർന്നാണ് ഇഡി രംഗത്തുവന്നതും കെജ്രിവാളിനെ അറസ്റ്റ് ചെയ്തതും. ബില്ലുകളിൽ ഒപ്പിടാതെ സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാക്കാൻ ശ്രമിച്ചയാളാണ് സക്സേന. ഇതിൻ്റെ പേരിൽ കെജ്രിവാൾ പലതവണ സക്സേനയുമായി ഇടഞ്ഞിട്ടുണ്ട്..ജയിലിൽനിന്ന് മുഖ്യമന്ത്രി ഉത്തരവുകൾ നൽകിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിന് പരാതി നൽകി. കെജ്രിവാളിന്റെ അറസ്റ്റിൽ എഎപി പ്രതിഷേധം തുടരുകയാണ്. കെജ്രിവാളിന്റെ അറസ്റ്റിനുശേഷം ആദ്യമായി നിയമസഭ ബുധനാഴ്ച സമ്മേളിച്ചു. കെജ്രിവാളിന്റെ ചിത്രം പതിച്ച മുഖംമൂടിയണിഞ്ഞാണ് മന്ത്രിമാരും എംഎൽഎമാരും സഭയിൽ എത്തിയത്. മുഖ്യമന്ത്രിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എഎപി പ്രതിഷേധിച്ചതോടെ സഭ നിർത്തിവച്ചു.