കേരളീയം പണപ്പിരിവിന് ജി.എസ്.ടി ഉദ്യോഗസ്ഥരെ നിയോഗിച്ചത് ഗുരുതര തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്വാറി, ബാര്‍ ഉടമകളെയും സ്വര്‍ണ വ്യാപാരികളെയും ഭീഷണിപ്പെടുത്തി പണപിരിവ് നടത്തിയെന്നും സ്പോണ്‍സര്‍ഷിപ്പിന്റെ മറവില്‍ നികുതി വെട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമമെന്നും സതീശൻ അരോപിച്ചു. കേരളീയം പരിപാടിയില്‍ ഏറ്റവും കൂടുതല്‍ സ്പോണ്‍സര്‍ഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാര്‍ഡ് ജി.എസ്.ടി അഡീ. കമ്മീഷണര്‍(ഇന്റലിജന്‍സ്) നാണ്. നികുതി പിരിവ് നടത്തേണ്ട ഉദ്യോഗസ്ഥനെ സ്പോണ്‍സര്‍ഷിപ്പ് പിരിക്കാന്‍ നിയോഗിച്ചത് ഗുരുതര തെറ്റാണ്. കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ് പിണറായി ഭരണത്തില്‍ നടന്നത്. നികുതി വെട്ടിപ്പുകാര്‍ക്ക് പേടിസ്വപ്നമാകേണ്ട ജി.എസ്.ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പണം പിരിക്കാന്‍ നടക്കുന്നത് അധികാര ദുര്‍വിനിയോഗവും അപഹാസ്യവുമാണ്.
ഖജനാവിലേക്ക് നികുതിയായി വരേണ്ട പണം കേരളീയത്തിന്റെ ഫണ്ടിലേക്ക് പോയെന്ന് സംശയിക്കണം. മാസങ്ങളായി സംസ്ഥാനത്തെ നിരവധി ക്വാറികളിലും സ്വര്‍ണ്ണ കടകളിലും ജി.എസ്.ടി ഇന്റലിജിന്‍സ് റെയ്ഡ് നടക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിലേക്ക് നികുതി അടപ്പിക്കേണ്ടതിന് പകരം നിയമലംഘകരില്‍ നിന്നും സ്പോണ്‍സര്‍ഷിപ് സംഘടിപ്പിച്ച് മുഖ്യന്ത്രിയില്‍ നിന്ന് പുരസ്കാരം വാങ്ങാനാണ് ഉദ്യോഗസ്ഥര്‍ക്ക് തിടുക്കം. സംസ്ഥാന സര്‍ക്കാരിലേക്ക് ലഭിക്കേണ്ട തുകയുടെ ചെറിയ ശതമാനം സ്പോണ്‍സര്‍ഷിപ്പ് നല്കി നികുതി വെട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയെന്നത് ഞെട്ടിക്കുന്നതാണ്. ഇത് ക്രിമിനല്‍ കുറ്റമാണ്. സ്വര്‍ണക്കടക്കാരേയും ക്വാറി, ബാര്‍ ഉടമകളേയും ഭീക്ഷണിപ്പെടുത്തിയും കടുത്ത സമ്മര്‍ദം ചെലുത്തിയുമാണ് ജി.എസ്.ടി ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തിയത്.
കേരളം നികുതി വെട്ടിപ്പുകാരുടെ പറുദീസയാണെന്ന പ്രതിപക്ഷ ആരോപണം ശരിയെന്ന് തെളിഞ്ഞു. ആരൊക്കെയാണ് കേരളീയത്തിന്റെ സ്പോണ്‍സര്‍മാരെന്നും എത്ര തുകയ്ക്ക് തുല്യമായ സ്പോണ്‍സര്‍ഷിപ്പാണ് അവര്‍ നല്‍കിയതെന്നും അടിയന്തിരമായി സര്‍ക്കാര്‍ വെളിപ്പെടുത്തണം.