വാൽക്കണ്ണെഴുതി വനപുഷ്പം ചൂടിയ മധുര വാണി ഇനി ഓർമ്മ

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി തുടങ്ങി 19 ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി. പദ്മഭൂഷണും ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 നവംബര്‍ 30-നാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിൻ്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കിയ വാണി തൻ്റെ എട്ടാം വയസ്സിൽ ആകാശവാണിയുടെ മദ്രസ് സ്റ്റേഷനിൽ പാടി തുടങ്ങി. കടലൂർ ശ്രീനിവാസ അയ്യങ്കാർ, ടി.ആർ. ബാലസുബ്രഹ്മണ്യൻ, ആർ.എസ്. മണി എന്നിവരായിരുന്നു കർണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാർ. ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാനിൽ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. 1971-ൽ വസന്ത് ദേശായിയുടെ സംഗീതത്തിൽ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ‘ബോലേ രേ പപ്പി’ എന്ന ഗാനത്തിലൂടെ അവര്‍ സംഗീത ആസ്വാദക‍ര്‍ക്ക് ഇടയിൽ പ്രശസ്തയായി. ഗുഡ്ഡിയിലെ ഗാനത്തിനു അഞ്ച് അവാർഡുകൾ അവര്‍ നേടി.

ചിത്രഗുപ്ത്, നൗഷാദ്, മദൻ മോഹൻ, ഒ.പി നയ്യാർ, ആർ.ഡി ബർമൻ, കല്യാൺജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാൽ, ജയ്‌ദേവ് തുടങ്ങിയ പ്രഗൽഭ സംഗീതജ്ഞര്‍ക്കായി വാണി പാടി. മുഹമ്മദ് റാഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം വാണിയുടെ സ്വരം ആസ്വാദകര്‍ കേട്ടു. എം.എസ് വിശ്വനാഥൻ, എം.ബി ശ്രീനിവാസൻ, കെ.എ മഹാദേവൻ, എം.കെ അർജുനൻ, ജെറി അമൽദേവ്, സലിൽ ചൗധരി, ഇളയരാജ, എ.ആർ റഹ്മാൻ എന്നീ നിരവധി സംഗീതജ്ഞരുടെ ഇഷ്ടഗായികയായിരുന്നു വാണി. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഏതോ ജന്മകൽപനയിൽ, മഞ്ഞണിക്കൊമ്പിൽ, വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും തുടങ്ങിയവയെല്ലാം അവരുടെ ഹിറ്റ് ഗാനങ്ങളാണ്. മലയാളത്തിൽ അവസാനം പാടിയത് പുലിമുരുകനിലെ ‘മാനത്തെ മാരിക്കുറുമ്പെ’ എന്ന ഗാനമാണ്.

Share This News

0Shares
0