യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമിന് ലക്ഷം രൂപ ശമ്പളം നിശ്ചയിച്ച് കുടിശികയടക്കം എട്ടര ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയ നടപടി വിവാദത്തിലിരിക്കെ, കർഷകർക്ക് നൽകാനുള്ള കോടിക്കണക്കിന് രൂപ കുടിശികയാക്കി സംസ്ഥാന സർക്കാർ. കുട്ടനാട്ടിലെ നെൽകർഷകർക്കാണ് സംസ്ഥാന സർക്കാർ നെല്ലു സംഭരിച്ച വകയിൽ 40 കോടിയിലേറെ രൂപ നൽകാനുള്ളത്. നെല്ലുസംഭരിച്ച് രണ്ടു മാസത്തിലേറെയായിട്ടും പണം ലഭിക്കാത്തതിനേത്തുടർന്ന് കർഷകർ കെട്ടിടം പണിക്കടക്കം പോയി ജീവീതം തള്ളിനീക്കേണ്ട അവസ്ഥയിലാണെന്ന് റിപ്പോർട്ട്. പലിശക്ക് പണമെടുത്ത് കൃഷി ചെയ്തിട്ടൊടുവിൽ പലിശ പോലും അടയ്ക്കാനാകാത്ത ഗതികേടിലാണ് കുട്ടനാട്ടിലെ നെൽകർഷകർ. ഇതോടെ ഇനി കൃഷി ചെയ്യാനില്ലെന്ന നിലപാടിലാണ് കർഷകർ. ആയിരത്തിലേറെ കർഷകർക്കാണ് പണം ലഭിക്കാനുള്ളത്. നെല്ലു സംഭരിച്ചതിൻ്റെ വില എഴു ദിവസത്തിനുള്ളിൽ നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാന സർക്കാർ കർഷകരെ ചതിക്കുകയായിരുന്നുവെന്നാണ് കർഷകർ കുറ്റപ്പെടുത്തുന്നത്.