ഭാര്യക്ക് ചെലവിന് നല്‍കാത്തതിന് കോടതി വാറന്റ് നല്‍കിയിട്ടും ഹാജരാകാതെ നടന്ന ഭര്‍ത്താവ് പാലക്കാട് കൊപ്പം മേല്‍മുറി സ്വദേശി പുഷ്പരാജനെ (46) പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ സിറ്റിങ്ങിലെത്തിയപ്പോള് പിടികൂടി കോടതിയിലെത്തിച്ച് സംസ്ഥാന വനിതാ കമ്മീഷൻ. കോടതിയിലും വനിതാ കമ്മീഷൻ സിറ്റിങ്ങിലും ഹാജാരാകാതെ മുങ്ങിനടക്കുകയായിരുന്ന ഭർത്താവിനെ ബുധനാഴ്ച നടന്ന സിറ്റിങ്ങല് അപ്രതീക്ഷിതമായി ഹാജാരായ ഉടനെ കമ്മീഷൻ ഡയറക്ടര്‍ പി ബി രാജീവിന്റെ രഹസ്യനിര്‍ദേശം പ്രകാരം പാലക്കാട് വനിതാ സെല്ലില്‍ നിന്നും പൊലീസെത്തി അറസ്റ്റ് ചെയ്ത് കൊപ്പം പൊലീസിന് കൈമാറുകയായിരുന്നു. കമ്മീഷൻ അംഗങ്ങളായ വി ആര് മഹിളാമണി, അഡ്വ.എലിസബത്ത് മാമ്മന്‍ മത്തായി എന്നിവരുടെ അധ്യക്ഷതയിലായിരുന്നു സിറ്റിങ്ങ്.
ഭാര്യയും, വിവാഹിതയായ മകളും, തൊഴിലാളികളായ രണ്ട് ആണ്മക്കളും അടങ്ങുന്നതാണ് ഇയാളുടെ കുടുംബം. ഭാര്യക്ക് പ്രതിമാസം 7500 രൂപ ചെലവിന് നല്കാന് പട്ടാമ്പി ജെസിഎം കോടതി ഉത്തരവുണ്ടായിട്ടും ചെലവിന് നല്‍കാതെ മുങ്ങിനടക്കുകയായിരുന്നു പുഷ്പരാജന്‍. ചെലവിന് നല്കാന് മുടങ്ങിയ തുകയായ 1,10,000 രൂപയില്‍ 10000 രൂപ കെട്ടിവച്ചും, ബാക്കിതുക അയ്യായിരം രൂപയുടെ പ്രതിമാസ തവണകളായി അടയ്ക്കാം എന്ന ഉറപ്പിന്മേലും, സ്വന്തം ജാമ്യത്തിലും പുഷ്പരാജനെ പിന്നീട് പട്ടാമ്പി ജെസിഎം കോടതി ജാമ്യത്തില്‍വിട്ടു.