ന്യൂസിലാൻഡ് എ ടീമിനെതിരെ ഹാഫ് സെഞ്ച്വറിയുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ. ചെന്നെ ചിദംബരം സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മൂന്നു മത്സര ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് ഇന്ത്യൻ എ ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിൻ്റെ ബാറ്റിൽ നിന്നും അർദ്ധശതകം പിറന്നത്. ടൂർണമെൻ്റിലുടനീളം മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ആദ്യമത്സരത്തിൽ പുറത്താകാതെ 29 ഉം രണ്ടാം മത്സരത്തിൽ 37 റണ്ണും നേടിയ സഞ്ജു മൂന്നാം മത്സരത്തിൽ 54 റൺ അടിച്ചാണ് മടങ്ങിയത്. എ ആർ ഈശ്വരനും (39), ആർ എ ത്രിപാഠിയും (18 ) മടണ്ടിയ ശേഷം ഒത്തുചേർന്ന തിലക് വർമ – സഞ്ജു സാംസൺ കൂട്ടുകെട്ട് 99 റൺ അടിച്ചെടുത്തു. തിലക് വർമയും (50) ശാർദ്ദൂൽ താക്കൂറും (51) ഹാഫ് സെഞ്ച്വറി നേടി. ഋഷി ധവാൻ 34 റൺ അടിച്ചു. 49.3 ഓവറിൽ ഇന്ത്യ 284 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് എ ടീം 38.3 ഓവറിൽ 178 റണ്ണിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യൻ എ ടീമിന് 106 റൺസിൻ്റെ കൂറ്റൻ ജയം സ്വന്തമായി. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യൻ എ ടീം മൂന്നാം മത്സരത്തിലെ ജയത്തോടെ പരമ്പര തൂത്തുവാരി.