ചങ്ങനാശ്ശേരി കോട്ടയം എംസി റോഡിൽ കുറിച്ചിയിൽ പ്രവർത്തിക്കുന്ന ഭാരത് മോട്ടോർസ് എന്ന യമഹ ഷോറൂമിൽ വിൽപ്പനക്ക് വച്ചിരുന്ന സ്‌കൂട്ടറിൽ ഒളിപ്പിച്ച കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. 1.540 കിലോ കഞ്ചാവാണ് രജിസ്റ്റർ ചെയ്യാത്ത യമഹ ഫാസിനോ സ്കൂട്ടറിൽ ഒളിപ്പിച്ചു വച്ചിരുന്നത്. ഷോറൂമിന്റെ ചുമതലക്കാരൻ കുട്ടനാട് കാവാലം സ്വദേശി അമർ കുമാർ ഉല്ലാസ് എന്നയാളെ ഇതുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. ഈ കേസിലെ രണ്ടാം പ്രതി സുബിൻ കേസെടുക്കുന്നതിനു തൊട്ടുമുമ്പായി സ്ഥലത്തുനിന്ന് പോയിട്ടുള്ളതാണ്. മൂന്നാം പ്രതി അജയ് ഷിംലയിൽ ടൂർ പോയിരിക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇവരാണ് കഞ്ചാവ് വിൽപ്പനയിലൂടെ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടുള്ളത്. തുടങ്ങിയിട്ട് രണ്ടുമാസം മാത്രമായിട്ടുള്ള ഷോറൂമിൽ രാത്രി വൈകിയും ലൈറ്റുകൾ തെളിഞ്ഞു കിടക്കുന്നതും യുവാക്കൾ വന്നു പോകുന്നതുമാണ് സമീപവാസികളിൽ സംശയം ഉളവാക്കിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സി പി പ്രവീണിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിന് എത്തുകയായിരുന്നു.