ചാമ്പ്യൻസ് ലീഗിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടക്കാനൊരുങ്ങി ലയണണൻ മെസ്സി. ചാമ്പ്യൻസ് ലീഗിലെ ഗോൾ വേട്ടക്കാരിൽ മുമ്പനായ റൊണാൾഡോയുടെ റെക്കോർഡിന് ഒപ്പമെത്താൻ മെസ്സിക്ക് 15 ഗോൾ കൂടി മതി. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയുടെ ആദ്യ മത്സരം ഇറ്റാലിയൻ സീരി എയിലെ വമ്പൻമാരായ യുവൻ്റസുമായി സെപ്തംബർ ഏഴിനാണ്. അഞ്ചു വട്ടം ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയിട്ടുള്ള റൊണാൾഡോക്ക് ഇത്തവണ തിരിച്ചടി നേരിട്ടിരിക്കുകയാണ്. റോണാൾഡോയുടെ ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത്തവണ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനായില്ല. 183 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നായി 140 ഗോളുകളാണ് റോണാൾഡോയുടെ പേരിലുള്ളത്. 156 മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. 2023 ജൂൺ 10ന് തുർക്കിയുടെ തലസ്ഥാനമായ ഇസ്താംബുളിൻ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം വരെ പിഎസ്ജി എത്തുകയാണെങ്കിൽ 13 മത്സരങ്ങൾ മെസ്സിക്ക് കളിക്കാനാകും. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ 14 ഗോളുകളാണ് ഒരു സീസണിലെ മെസ്സിയുടെ ഉയർന്ന ഗോൾനേട്ടം. 2012-13 സീസണിലായിരുന്നു അത്. അഞ്ചു സീസണുകളിൽ ഗോൾവേട്ടയിൽ മെസ്സി രണ്ടക്കം കടനിട്ടുണ്ട്.