ഉക്രൈന് അമേരിക്ക 24000 കോടി രൂപയുടെ ആയുധ സഹായംകൂടി നൽകുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ സഹായമാണിത്. ആറുമാസത്തോളമായി തുടരുന്ന റഷ്യൻ ആക്രമണത്തിൽ ഉക്രൈൻ്റ കിഴക്കൻ ഭാഗത്തെ നിരവധി പ്രദേശങ്ങൾ റഷ്യയുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. മുൻ യുദ്ധത്തിൽ റഷ്യ കൈവശപ്പെടുത്തിയ ക്രിമിയയിലടക്കം ഉക്രൈൻ തിരിച്ചടിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ റഷ്യൻ ആക്രമണം ഇനിയും നീണ്ടേക്കാൻ ഇടയുണ്ടെന്ന കണക്കുകൂട്ടലിലാണ് ഉക്രൈന് കൂടുതൽ ആയുധ സഹായം അമേരിക്ക നൽകുന്നത്. ജർമനി 4000 കോടി രൂപയുടെ ആയുധ സഹായം നൽകാനും തയ്യാറെടുക്കുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച ഉക്രൈൻ്റ സ്വാതന്ത്ര്യദിനമാണ്. റഷ്യ ആക്രമണം വർധിപ്പിച്ചേക്കാമെന്ന് മുന്നറിയിപ്പു നൽകിയ അമേരിക്ക സ്വന്തം പൗരൻമാരോട് കഴിയുമെങ്കിൽ ഉക്രൈൻ വിടുന്നതടക്കമുള്ള സുരക്ഷാ മുൻകരുതലെടുക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിലേക്കും സർക്കാർ ഓഫീസുകളിലേക്കും റഷ്യയുടെ ആകമണം ഉണ്ടായേക്കാം എന്നാണ് അമേരിക്കൻ മുന്നറിയിപ്പ്. ഫെബ്രുവരി 24 നാണ് പ്രത്യേക സൈനിക ഓപ്പറേഷൻ എന്ന പേരിൽ ഉക്രൈനിൽ റഷ്യയുടെ അധിനിവേശ ആക്രമണം ആരംഭിച്ചത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിൽ ചേരുന്നതു സംബന്ധിച്ച് ഉക്രൈനിൽ ചർച്ചകകൾ ആരംഭിച്ചതോടെയാണ് റഷ്യ സൈനിക നടപടിക്ക് തുടക്കമിട്ടത്.