ആപ്പിനും മനീഷ് സിസോദിയക്കും പിന്തുണയും കേന്ദ്രത്തിനും കോൺഗ്രസിനും വിമർശനവുമായി കപിൽ സിബൽ

സിബിഐയെ ഉപയോഗിച്ച് ആംആദ്മി പാർട്ടിക്കെതിരെ കേന്ദ്ര ബിജെപി സർക്കാർ നടത്തുന്ന നീക്കത്തിൽ ആം ആദ്മി പാർട്ടിക്ക് പിന്തുണയുമായി രാജ്യ സഭാ എംപിയും മുൻ കോൺഗ്രസ് നേതാവുമായ കപിൽ സിബൽ. ഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയക്കെതിരെ സിബിഐ കേസ് എടുത്തിരിക്കുന്നത് തെരഞ്ഞെടുപ്പു നടക്കാൻ പോകുന്ന ഗുജറാത്തിലടക്കം ആംആദ്മി പാർട്ടിയുടെ വളർച്ച തടയാനാണെന്ന് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻകൂടിയായ കപിൽ സിബൽ സമൂഹ മാധ്യമമായ ട്വിറ്ററിൽ കുറിച്ചു.സിസോദിയക്കെതിരായ സിബിഐയുടെ എഫ്ഐആർ അടക്കം ഉദ്ധരിച്ചുകൊണ്ടായിരുന്നു കപിൽ സിബലിൻ്റെ കുറിപ്പ്. ഡൽഹി സർക്കാരിൻ്റെ മദ്യനയത്തിൽ ക്രമക്കേടു നടന്നുവെന്ന് പറഞ്ഞാണ് എക്സൈസ് വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ കേന്ദ്ര ബിജെപി സർക്കാർ നിയന്ത്രണത്തിലുള്ള സിബിഐ കേസെടുത്തത്. റെയ്ഡുകൾക്കു പിന്നാലെ സിസോദിയ ഉൾപ്പടെ 13 പേർക്കെതിരെ ലുക്ക് ഔട്ട് സർക്കുലറും സിബിഐ പുറത്തിറക്കിയിരുന്നു. സിസോദിയയുടെ വസതിയിൽ സിബിഐ നടത്തിയ റെയ്ഡിനെ തുടർന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് സിസോദിയയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഇതിനെയും കപിൽ സിബൽ വിമർശിച്ചു.

Share This News

0Shares
0