അവസാന ഓവറിലെ പരീക്ഷണം പാളി; രണ്ടാം ട്വൻ്റി-ട്വൻ്റിയിൽ ഇന്ത്യൻ പരാജയത്തിന് ആക്കംകൂട്ടിയത് ക്യാപ്‌റ്റൻ്റെ അപ്രതീക്ഷിത തീരുമാനം

Image from internetവെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വൻ്റി-ട്വൻ്റി ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയുടെ പരാജയത്തിന് ആക്കം കൂട്ടിയത് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ പാളിപ്പോയ തീരുമാനം. അവസാന ഓവറിൽ വെസ്റ്റ് ഇൻഡീസിന് ജയിക്കാൻ 10 റൺ വേണമെന്നിരിക്കെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പന്ത് എറിയാൻ ഏൽപ്പിച്ചത് പുതുമുഖ താരമായ ആവേശ്ഖാനെ. പരിചയസമ്പന്നനായ ഭുവനേശ്വർ കുമാറിന് രണ്ട് ഓവറുകൾ കൂടി എറിയാൻ ബാക്കി ഉണ്ടായിരുന്നു എന്നിരിക്കെയാണ് ഇന്ത്യൻ ക്യാപ്റ്റൻ്റെ അപ്രതീക്ഷിതമായ തീരുമാനം. ഭുവനേശ്വറിനേക്കാൾ ഏറെ റൺ വഴങ്ങുകയും ചെയ്തിരുന്നു ആവേശ്ഖാൻ. അവസാന ഓവറിലെ ആദ്യ പന്ത് നോബോളായി. അതിൽ വെസ്റ്റ് ഇൻഡീസ് സിംഗിൾ എടുക്കുകയും ചെയ്തു. അതോടെ ഒരോവറിലെ വിജയലക്ഷ്യം എട്ടു റണ്ണായി ചുരുങ്ങി. നോബോളിന് അനുവദിച്ച ഫ്രീ ഹിറ്റിൽ ഡെവോൺ തോമസ് പന്ത് നിലം തൊടാതെ ഓഫ് സൈഡിലൂടെ ബൗണ്ടറി കടത്തി. അടുത്ത ബോളിൽ ഓഫ്സൈഡിലൂടെ തന്നെ ഒരു മിന്നൽ ബൗണ്ടറി പായിച്ച് ഡെവോൺ തോമസ് വെസ്റ്റ് ഇൻഡീസിന് വിജയം സമ്മാനിച്ചു. എന്തുകൊണ്ട് ഭുവനേശ്വറിന് അവസാന ഓവർ നൽകാതെ പുതുമുഖതാരത്തിന് നൽകി എന്ന ചോദ്യം കളി കഴിഞ്ഞ ഉടനെ തന്നെ കമൻ്റേറ്റർമാർ ഇന്ത്യൻ ക്യാപ്റ്റനോട് ഉന്നയിച്ചു. പുതുമുഖ താരങ്ങൾ അവസാന ഓവറുകളിലെ പിരിമുറക്കത്തോടു പൊരുത്തപ്പെടാനാണ് അങ്ങനൊരു തീരുമാനം എടുത്തതെന്നായിരുന്നു രോഹിത് ശർമ്മയുടെ മറുപടി.

19.4 ഓവറിൽ 138 റണ്ണെടുത്ത് ഇന്ത്യ ഓൾ ഔട്ടായപ്പോൾ 19.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വെസ്റ്റ് ഇൻഡീസ് 141 റൺ നേടിയാണ് അഞ്ചു മത്സര പരമ്പരയിൽ 1-1 എന്ന തുല്യതയിലെത്തിയത്. നാല് ഓവറിൽ 17 റൺ മാത്രം വഴങ്ങി ആറു വിക്കറ്റ് എടുത്ത വെസ്റ്റ് ഇൻഡീസ് ഫാസ്റ്റ് ബൗളർ ഒബെദ് മക്കോയിയാണ് കളിയിലെ താരമായത്. വെസ്റ്റ് ഇൻഡീസ് ഓപ്പണർ ബ്രാൻഡൻ കിങ് 52 പന്തിൽ 68 അടിച്ചു. ഡെവോൺ തോമസ് തോമസ് 19 പന്തിൽ 31 റണ്ണും നേടി. 31 പന്തിൽ 31 റൺ നേടിയ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ചൊവാഴ്ച രാത്രി എട്ടിനാണ് മൂന്നാം മത്സരം.

Share This News

0Shares
0