സ്വർണക്കടത്ത് കേസ് സംബന്ധിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് അനുമതി നൽകിയില്ല. ഇതേച്ചൊല്ലി സഭയിൽ രൂക്ഷമായ വാക്പോര് നടന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ സബ്മിഷൻ.
മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്തതിനാലാണ് ലിസ്റ്റ് ചെയ്ത സബ്മിഷനായിട്ടും സ്പീക്കർ തള്ളിയതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംസ്ഥാനത്തിൻ്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെന്നായിരുന്നു നിയമമന്ത്രി പി രാജീവിൻ്റെ പ്രതികരണം. സാങ്കേതിക പ്രശ്നം ഉണ്ടെന്നു പറഞ്ഞായിരുന്നു സ്പീക്കർ എം ബി രാജേഷ് സബ്മിഷൻ തള്ളിയത്.
സബ്മിഷൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിയിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തി. മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടിക്കേണ്ടെന്ന ന്യായം പറയുന്ന മുഖ്യമന്ത്രിക്ക് മടിയിൽ കനമില്ലെന്ന് തെളിയിക്കാൻ സിബിഐ അന്വേഷണത്തിലൂടെ കഴിയുമെന്ന് സതീശൻ പറഞ്ഞു.