‘കെ റെയിൽ നഷ്ടപരിഹാരം കണക്കുകൾ വച്ചുള്ള കള്ളക്കളി’

Image from internetകെ റെയിൽ നഷ്ടപരിഹാരം കണക്കുകൾ വച്ചുള്ള കള്ളക്കളിയാണെന്ന് കോൺഗ്രസ് മുൻ എംഎൽഎ വി ടി ബൽറാം. കെ റെയിൽ രേഖകൾ ഉദ്ധരിച്ചുള്ള ഫേസ്ബുക് പോസ്റ്റിലൂടെയാണ് വി ടി ബൽറാമിൻ്റെ വിമർശനം. പോസ്റ്റിൽ പറയുന്നത് ഇങ്ങനെ:

“കെ-റെയിലിന് ഭൂമി വിട്ടുകൊടുക്കുന്നവർക്ക് ഭൂമിവിലയുടെ നാലിരട്ടി തുക നഷ്ടപരിഹാരമായി നൽകുമെന്ന വാഗ്ദാനമാണ് മുഖ്യമന്ത്രി മുതൽ ക്യാപ്സ്യൂൾ നിർമ്മാതാക്കൾ വരെ ഒരേപോലെ ആവർത്തിക്കുന്നത്. ഒറ്റനോട്ടത്തിൽ ആകർഷകമായ തുക എന്ന് തോന്നിപ്പിക്കാനാണ് ഈ വാഗ്ദാനം. എന്നാൽ മറ്റ് പല കാര്യങ്ങളിലെന്ന പോലെ കണക്കുകൾ വച്ചുള്ള കള്ളക്കളികളും തെറ്റിദ്ധരിപ്പിക്കലും തന്നെയാണ് ഇക്കാര്യത്തിലുമുള്ളതെന്ന് ഡിപിആറിൽ നിന്ന് വ്യക്തമാണ്.

ആകെ 1383 ഹെക്ടർ സ്ഥലമാണ് സിൽവർ ലൈൻ അലൈൻമെൻറിനായി ഏറ്റെടുക്കേണ്ടത്. ഇതിനാണ് നഷ്ടപരിഹാരം നൽകുക. ഇരുവശങ്ങളിലും ബഫർസോണായി പ്രഖ്യാപിച്ച് ഉപയോഗശൂന്യമാക്കി വെറുതെയിടുന്ന ഭൂമിക്ക് ഉടമസ്ഥർക്ക് യാതൊരു പ്രതിഫലവും ലഭിക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ ഏറ്റെടുക്കുന്ന ഭൂമിക്ക് പോലും പരമാവധി മാർക്കറ്റ് വിലക്കടുത്തോ അതിൽത്താഴെയുമോ വില നൽകാനേ ഡിപിആർ അനുസരിച്ച് തുക നീക്കിവച്ചിട്ടുള്ളൂ എന്നാണ് കാണുന്നത്.

ആകെ വേണ്ട 1383 ഹെക്ടറിൽ 1198 ഹെക്ടറും സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. എന്നാൽ അതിനായി ഡിപിആറിൽ നീക്കിവച്ചിട്ടുള്ളത് ആകെ 6100 കോടി മാത്രമാണ്. അതായത് ഹെക്ടറൊന്നിന് 5 കോടി രൂപ വീതം. ഒരു ഹെക്ടർ എന്നാൽ 2.47 ഏക്കർ അഥവാ 247സെന്റ്. എന്നുവച്ചാൽ സെന്റൊന്നിന് ലഭിക്കുന്നത് ശരാശരി 2 ലക്ഷം രൂപ വീതമാണ്. ഇത് ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും ചേർന്ന എല്ലാത്തിന്റേയും ശരാശരിയാണ്. അഥവാ പ്രയോഗതലത്തിൽ സെന്റിന് ഒരുലക്ഷം മുതൽ മൂന്ന് ലക്ഷം വരെ കിട്ടിയേക്കാം. വില കൂടിയ സ്ഥലങ്ങളിൽ അധിക തുക നൽകേണ്ടി വന്നാൽ മറ്റിടങ്ങളിൽ വില ചിലപ്പോഴിത് അമ്പതിനായിരം രൂപയോ അതിൽത്താഴെയോ ആക്കി കുറക്കേണ്ടി വരും. കാരണം ആകെയുള്ളത് 6100 കോടി മാത്രമാണല്ലോ.

ഏതായാലും ഭൂമി വിലയുടെ നാലിരട്ടി എന്നൊക്കെ കേൾക്കുമ്പോൾ നിഷ്ക്കളങ്കർ പ്രതീക്ഷിക്കുന്നത് പോലെ കമ്പോളവിലയുടെ നാലിരട്ടിയൊന്നും നൽകാനുള്ള തുക ഇപ്പോൾ ഡിപിആറിൽ ഉൾക്കൊള്ളിച്ചിട്ടില്ല. ഇനി അതിനായി കൂടുതൽ തുക ചെലവഴിക്കേണ്ടി വന്നാൽ അത് പദ്ധതിയുടെ മൊത്തത്തിലുള്ള ചെലവിന്റെ വർദ്ധനയിൽ കലാശിക്കും. അതനുസരിച്ച് കടബാധ്യത മുതൽ ടിക്കറ്റ് നിരക്ക് വരെയുള്ളതിന്റെ കാര്യത്തിൽ ഇപ്പോൾ പ്രചരിപ്പിക്കുന്ന കൊട്ടക്കണക്കുകൾ മാറ്റേണ്ടിയും വരും. കെ റെയിലിന്റേയും സർക്കാരിന്റെയും കണക്കുകൾക്കൊന്നും ഒരു ആധികാരികതയുമില്ലെന്ന് നീതി ആയോഗ് മുതലുള്ള നിരവധി ഏജൻസികൾ ഇതിനോടകം സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞതാണല്ലോ!

ഏതായാലും വമ്പൻ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നവരോട് ഡിപിആറിലെ കണക്കുകൾ വച്ച് ചോദ്യങ്ങൾ ചോദിക്കാൻ ജനങ്ങൾ ഇനിയും തയ്യാറാവേണ്ടിയിരിക്കുന്നു.”

Share This News

0Shares
0