ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ പാസ്റ്ററെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. പൊലീസ് ചാരനെന്നാരോപിച്ചാണ് മധ്യവയസ്കനായ യാലം ശങ്കർ എന്ന പാസ്റ്ററെ കൊലപ്പെടുത്തിയതെന്ന് യൂണിയൻ ഓഫ് കാത്തലിക് ഏഷ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഛത്തീസ്ഗഢിലെ ഭക്ഷിണ ബസ്തർ പ്രദേശത്തെ ബീജാപൂർ ജില്ലയിലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2018 മുതൽ പാസ്റ്റർ യാലം ശങ്കർ പൊലീസിനു വേണ്ടി ചാരപ്പണി ചെയ്യുകയായിരുന്നുവെന്നും പലതവണ മുന്നറിയിപ്പു നൽകിയിട്ടും അത് തുടർന്നതിലാണ് കൊലപ്പെടുത്തിയതെന്നും മാവോയിസ്റ്റുകൾ വ്യക്തമാക്കിയതായി പ്രാദേശിക വാർത്താ കേന്ദ്രങ്ങളെ ഉദ്ധരിച്ച് യൂണിയൻ ഓഫ് കാത്തലിക് ഏഷ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.