മൻമോഹൻ സിംഗ് മന്ത്രിസഭ അമേരിക്കയുമായി വിവാദ ആണവകരാറിൽ ഏർപ്പെടുമ്പോൾ നല്കിയ വാഗ്ദാനങ്ങൾ പൊള്ളയാണെന്നു തെളിയിക്കുന്ന കണക്കുകൾ പുറത്ത്.
രാജ്യത്തെ ആണവവൈദ്യുതിയുല്പാദനം മൊത്തം വൈദ്യുതിയുല്പാദനത്തിന്റെ മൂന്നു ശതമാനംമാത്രമാണെന്ന് വൈദ്യുതി മന്ത്രി ആർ കെ സിംഗ് അറിയിച്ചു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം. പി.യുടെ ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒന്നാം മൻമോഹൻ സിംഗ് സർക്കാറിന്റെ കാലത്ത് രാഷ്ട്രീയ കോലാഹലമുണ്ടാക്കി അമേരിക്കയുമായി ഒപ്പു വച്ച ആണവ കരാറിന്റെ പരാജയം സമ്മതിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. യു എസ് കരാറിനെ എതിർത്ത് ഇടതുപക്ഷം യുപിഎയ്ക്കുള്ള പിന്തുണ പിൻവലിച്ചിരുന്നു. അന്ന് കോൺഗ്രസ് അവകാശപ്പെട്ടത് ആണവകരാർ യാഥാർത്ഥ്യമാകുന്നതോടു കൂടി ആണവ വൈദ്യുതി വ്യാപകമാകുമെന്നാണ്. അത് പൊള്ള വാഗ്ദാനമായിരുന്നു എന്നാണ് ഈ മറുപടിയിലൂടെ തെളിയുന്നത്.
കഴിഞ്ഞ മൂന്നു കൊല്ലത്തെ വൈദ്യുതി ഉല്പാദനക്കണക്കാണ് ജോൺ ബ്രിട്ടാസ് ചോദ്യത്തിലൂടെ ആവശ്യപ്പെട്ടത്. ഇക്കാലത്ത് ഉല്പാദിപ്പിക്കപ്പെട്ട ആണവ വൈദ്യുതി മൊത്തം വൈദ്യുത ഉല്പാദനത്തിന്റെ 3.15 ശതമാനമാണെന്നാണ് മന്ത്രി ഉത്തരമായി അറിയിച്ചത്. ഇക്കാലത്ത് ആണവവൈദ്യുതി വിറ്റത് കിലോവാട്ടിന് 314.33 പൈസയ്ക്കാണ് എന്നും മന്ത്രി വ്യക്തമാക്കി. ജലവൈദ്യുതി 271.48 പൈസയ്ക്കു വില്ക്കുമ്പോഴായിരുന്നു ഇത്. ഇതോടെ, യുപിഎ സർക്കാർ അവകാശപ്പെട്ട തരത്തിൽ വൈദ്യുതി വില കുറയ്ക്കാനായില്ല എന്നും വ്യക്തമായി.