അതിവേഗ റെയിൽപാത: 99.3 ശതമാനം സ്ഥലവും ഏറ്റെടുത്തതായി റിപ്പോർട്ട്

Image from internetമുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ 99.3 ശതമാനം സ്ഥലവും ഏറ്റെടുത്തതായി ഗുജറാത്ത് സർക്കാർ നിയമസഭയെ അറിയിച്ചു. പദ്ധതിക്കായി ഗുജറാത്തിൽ ഏറ്റെടുക്കേണ്ടത് 360.73 ഹെക്ടർ സ്ഥലമാണ്. 358. 31 ഹെക്ടർ സ്ഥലം ഇതുവരെ ഏറ്റെടുത്തതായാണ് സർക്കാർ വ്യക്തമാക്കിയത്. സ്ഥലമേറ്റെടുപ്പിന്  2935 കോടി രൂപ നഷ്ടപരിഹാരമായി കൊടുത്തതായും സർക്കാർ സഭയെ അറിയിച്ചു. ഗുജറാത്തിലെ അഞ്ചു ജില്ലകളിലായുളള സ്ഥലമാണ് ഏറ്റെടുത്തത്.  508. 17 കിലോമീറ്റർ ദൈർഘ്യമുള്ള ബുള്ളറ്റ് ട്രെയിൻ പാത മഹാരാഷ്ട്രയിലെ പാൽഘട്, താനെ മുംബൈ എന്നിവിടങ്ങളിലൂടെ കടന്നുപോകും.  വൽസദ്, നവസാരി,  സൂരത്, ബറൂച്ച്, വടോദ്ര, ആനന്ദ്,  ഖേഡ, അഹമ്മദാബാദ് എന്നിവിടങ്ങളിലൂടെയാണ് ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ കടന്നുപോകുന്നത്.  വടോദ്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ (105.46 ഹെക്ടർ) സ്ഥലം ഏറ്റെടുക്കുന്നത്. അഹമ്മദാബാദിൽനിന്നാണ് ഏറ്റവും കുറവ് ( 27.15 ഹെക്ടർ)  സ്ഥലം ഏറ്റെടുക്കുന്നത്. പദ്ധതിക്കെതിരെ രണ്ടു സംസ്ഥാനങ്ങളിലും  പരിസ്ഥിതി പ്രവർത്തകരടക്കമുള്ള വിവിധ സാമൂഹ്യ, രാഷ്ട്രീയ സംഘടനകളുടെയും പ്രദേശവാസികളുടെയും പ്രതിഷേധം നിലനിൽക്കെയാണ് സ്ഥലമേറ്റെടുപ്പ്.

Share This News

0Shares
0