കേരള സർക്കാരിന് സില്‍വര്‍ ലൈന്‍ പദ്ധതിക്കായി നിലവില്‍ ഭൂമിയേറ്റെടുക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. പാരിസ്ഥിതക പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണ്. പദ്ധതിച്ചെലവ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതില്‍ ഒതുങ്ങില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് വലിയതോതില്‍ ആശങ്കയുണ്ടെന്നും അശ്വനി വൈഷ്ണവ് ലോക്സഭയില്‍ പറഞ്ഞു.സില്‍വര്‍ ലൈന്‍ ഏറെ വൈകാരിക വിഷയമാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ പരാതികള്‍ വാസ്തവവുമാണ്. സില്‍വര്‍ ലൈനിനെ നിലവിലെ റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കാനാകില്ല. സാങ്കേതിക പ്രശ്നങ്ങള്‍ മെട്രോമേന്‍ ഇ ശ്രീധരന്‍ അറിയിച്ചിട്ടുണ്ട്. പദ്ധതിക്കുവേണ്ട കാര്യങ്ങള്‍ സജ്ജമാക്കുന്നതിനും വിശദമായ ഡിപിആര്‍ തയ്യാറാക്കുന്നതിനും പ്രാഥമിക അനുമതിയാണ് നല്‍കിയിട്ടുള്ളത്. ഇതിനര്‍ഥം റെയില്‍വേ ഭൂമി നല്‍കുമെന്ന ഉറപ്പല്ല. പദ്ധതിച്ചെലവ് ഉയരാനാണ് സാധ്യത. സാങ്കേതിക, സാമ്പത്തിക സാധ്യത റിപ്പോര്‍ട്ട് ലഭിച്ചശേഷമേ അന്തിമ അനുമതി നല്‍കൂവെന്നും മന്ത്രി പറഞ്ഞു.
അതേസമയം പദ്ധതിയെച്ചൊല്ലി യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്‍ സഭയില്‍ വാക്പോരിലേർപ്പെട്ടു. എന്നാല്‍ കേരളത്തില്‍ ശത്രുക്കളും ഡല്‍ഹിയില്‍ സുഹൃത്തുക്കളുമാണ് രണ്ടുപക്ഷവുമെന്ന് മന്ത്രി പരിഹസിച്ചു.