നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ്മാരായ അജയ് രസ്തോഗി, എ എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. നിർണായക ഘട്ടത്തിലുള്ള കേസിനെ ബാധിക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള സർക്കാർ വാദം കോടതി തള്ളി. മാർട്ടിന് ജാമ്യം അനുവദിച്ചാൽ ഒന്നാം പ്രതി പൾസർ സുനിയും കോടതിയെ സമീപിക്കുമെന്നും സർക്കാർ വാദിച്ചു.
എന്നാൽ അഞ്ച് വർഷമായി മാർട്ടിൻ ജയിലിൽ കഴിയുകയാണെന്നും മറ്റ് പല പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് കർശന ഉപാധികൾ വയ്ക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല. ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു.
ആക്രമണം നടന്ന ദിവസം നടി വീട്ടില്‍നിന്ന് യാത്രതിരിച്ച വാഹനം ഓടിച്ചിരുന്നത് മാര്ട്ടിന് ആന്റണി ആയിരുന്നു. കേസില്‍ മാര്ട്ടിന് പങ്ക് ഉണ്ടെന്നാണ് സർക്കാർ വാദം. മാർട്ടിന്റെ അറിവോടെയാണ് എല്ലാം നടന്നത്. അതല്ലായിരുന്നുവെങ്കിൽ നടി ആക്രമിക്കപ്പെടില്ലായിരുന്നുവെന്നും കോടതിയിൽ സർക്കാർ വാദിച്ചു.
അതേ സമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ നിർണായക തെളിവുകളുണ്ടായിരുന്നതായി പൊലീസ് കരുതുന്ന മൊബൈൽ ഫോണുകളെത്തിയ മുംബൈ ലാബിൽ അന്വേഷണ സംഘം പരിശോധന നടത്തി. ഡാറ്റ നീക്കം ചെയ്തതിന്റെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തതായാണ് പുറത്തുവിടുന്ന വിവരം. മൊബൈൽ ഫോണിലെ ഡാറ്റ നശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള തെളിവുകളാണ് ശേഖരിച്ചതെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.