യുക്രൈനെതിരെ റഷ്യ സൈനിക നടപടി ആരംഭിച്ചതോടെ ഇന്ധന വിലയടക്കം കുതിച്ചുകയറാൻ സാധ്യത. റഷ്യൻ നീക്കത്തിനെതിരെ അമേരിക്കയും നാറ്റോ കൂട്ടാളികളായ യൂറോപ്പ്യൻ രാജ്യങ്ങളും കടുത്ത നടപടികൾ എടുത്താൽ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, അലൂമിനിയം, ചെമ്പ്, നിക്കൽ എന്നിവയ്ക്ക് വൻതോതിൽ വില കുതിച്ചുകയറും. ഇവയുടെ പ്രധാന ഉൽപ്പാദക രാഷ്ട്രങ്ങളിലൊന്നാണ് റഷ്യ. 89 ഡോളറായിരുന്ന ക്രൂഡോയിൽ വില സംഘർഷമാരംഭിച്ചതോടെ ചൊവ്വാഴ്ച 97 ഡോളറിലേക്ക് കയറിയിരുന്നു. ഭക്ഷ്യ എണ്ണയായ സുര്യകാന്തി എണ്ണയുടെ പ്രധാന ഉൽപ്പാദകരാണ് യൂക്രൈൻ. റഷ്യൻ ആക്രമണം ഇതിൻ്റെയും വിലക്കയറ്റത്തിന് കാരണമാകും. ഗോതമ്പ് ഉൽപ്പാദനത്തിൽ റഷ്യയും യുക്രൈനും പ്രധാന ഉൽപ്പാദകരാണ്. സംഘർഷം രൂക്ഷമായാൽ ഗോതമ്പുവിലയും വർധിക്കും. ക്രൂഡോയിൽ വിലക്കയറ്റമാകും ഇന്ത്യക്കാരെ ഏറ്റവും ബാധിക്കുക. രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഇന്ധന വില ഉയർത്താൻ സാധ്യത നിലനിൽക്കെയാണ് യൂറോപ്പിൽ ഉരുണ്ടു കൂടിയിരിക്കുന്ന സംഘർഷം.