‘പൊലീസില്‍ സംഘപരിവാറും പാര്‍ട്ടിയില്‍ എസ്ഡിപിഐയും നുഴഞ്ഞുകയറി’

Representative image from internetസില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ജനപ്രതിനിധികളുമായി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖര്‍ക്കു വേണ്ടി സമയം കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും സി.പി.എമ്മും അടിസ്ഥാന വര്‍ഗത്തെ മറന്ന് പൗര പ്രമുഖരുമായി മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങും. പദ്ധതി ബാധിക്കുന്ന, കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തും. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. കേരളത്തിലേത് ഇടതുപക്ഷമല്ല. തീവ്ര വലതുപക്ഷ നിലപാടിലേക്ക് പോകുകയാണ്.എല്ലാ കാലഘട്ടത്തിലും അടിസ്ഥാന വര്‍ഗങ്ങള്‍ക്കു വേണ്ടി മാത്രം സംസാരിച്ചിരുന്ന സി.പി.എം അധികാരം കിട്ടിയപ്പോള്‍ വരേണ്യവര്‍ഗത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അഹമ്മദാബാദ്-മുബൈ ബുള്ളറ്റ് ട്രെയിന്‍ വരേണ്യവര്‍ഗത്തിനു വേണ്ടിയുള്ളതെന്നായിരുന്നു സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതികരണം. എന്തിനാണോ മോദിയെ വിമര്‍ശിക്കുന്നത്, അതേ ഭാഷയില്‍ സീതാറാം യെച്ചൂരിക്ക് പിണറായി വിജയനേയും വിമര്‍ശിക്കേണ്ടി വരും.

ഞാന്‍ ഇങ്ങനെയേ ചെയ്യൂ എന്നു പറയുന്ന മുഖ്യമന്ത്രി പൊതുസമൂഹത്തെയും രാഷ്ട്രീയ പാര്‍ട്ടികളെയും വെല്ലുവിളിക്കുകയാണ്. നാളെ നടക്കുന്ന യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട തുടര്‍ സമരം തീരുമാനിക്കും. പാരിസ്ഥിതികമായ ആഘാതം കേരളത്തെ മുഴുവന്‍ ബാധിക്കും. സ്ഥലവും വീടും നഷ്ടപ്പെടുന്നവര്‍ മാത്രമല്ല, കേരളം ഒന്നാകെയാണ് പദ്ധതിയുടെ ഇരയായി മാറുന്നത്.

പൊലീസുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട സംഭവങ്ങള്‍ ഓരോ ജില്ലയിലും താലൂക്കുകളിലും എല്ലാ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സംഭവം എന്ന വാക്കു തന്നെ പൊലീസുമായി ബന്ധപ്പെട്ട് തമാശയായി മാറിയിരിക്കുകയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ അഹങ്കാരത്തിന് കൈയ്യും കാലും വച്ച ചില നേതാക്കളാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞാല്‍ താഴെയുള്ളവര്‍ കേള്‍ക്കില്ല. പഴയ സെല്‍ഭരണത്തിന്റെ പുതിയ രൂപമാണിത്. കേരള ചരിത്രത്തില്‍ ഏറ്റവും നാണംകെട്ട അവസ്ഥയിലാണ് പൊലീസ് സേന. ഗുണ്ടകളും പൊലീസും വര്‍ഗീയവാദികളും അഴിഞ്ഞാടുകയാണ്. ആരെയും നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. സി.പി.എം അനുഭാവികള്‍ സ്റ്റേഷനുകളിലെ റൈട്ടര്‍ പദവി ഏറ്റെടുക്കാത്തതിനാല്‍ ആര്‍.എസ്.എസ്സുകാര്‍ ആ സ്ഥാനത്ത് കയറി ഇരിക്കുകയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. പൊലീസില്‍ സംഘപരിവാറും പാര്‍ട്ടിയില്‍ എസ്.ഡി.പി.ഐയും നുഴഞ്ഞുകയറിയിരിക്കുകയാണ്. പൊലീസിനെ രാഷ്ട്രീയമായി വേര്‍തിരിക്കാനാണ് പാര്‍ട്ടി സെക്രട്ടറി പോലും ശ്രമിക്കുന്നത്. രാഷ്ട്രീയവത്ക്കരിച്ചതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

കേരളത്തിലെ ജനങ്ങളുടെ താല്‍പര്യത്തിന് അനുകൂലമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ഒരു കാര്യത്തിലും ബി.ജെ.പിക്ക് ഒരു അഭിപ്രായവുമില്ല. രാത്രിയാകുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരളത്തിലെ പോലീസ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണവും ഒത്തുതീര്‍പ്പാക്കുകയാണ്. കുഴല്‍പ്പണ വിവാദം ഒറ്റ ബി.ജെ.പിക്കാരന്‍ പ്രതിയാകാതെ എങ്ങനെയാണ് അവസാനിച്ചത്? ആര്‍ക്കു വേണ്ടിയാണ് ആ പണം കൊണ്ടുവന്നത്? സി.പി.എം നേതാക്കള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം എങ്ങനെ ഒരു സുപ്രഭാതത്തില്‍ അവസാനിച്ചു? വി മുരളീധരന്‍ ഏറ്റവും നല്ല ഇടനിലക്കാരനാണ്. കേരളത്തിലെ ബി.ജെ.പിയെ എടുക്കാച്ചരക്കാക്കി മാറ്റിയ മുരളീധരനോടും സുരേന്ദ്രനോടും കേരളം ഏറെ കടപ്പെട്ടിക്കുകയാണെന്നും സതീശൻ പറഞ്ഞു.

Share This News

0Shares
0