പച്ചയായ വർഗീയത പറഞ്ഞുകൊണ്ട് സ്വയം അപഹാസ്യരായ മുസ്‌ലീലീഗ് നികൃഷ്ടമായ വാദം നിരുപാധികം പിൻവലിച്ചു മാപ്പ് പറയാൻ തയ്യാറാകണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് സൂസൻ കോടിയും സെക്രട്ടറി അഡ്വ. സി എസ് സുജാതയും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെയും പൊതുമരാമത്തു മന്ത്രിയെയും അടക്കം നീചമായ രീതിയിൽ ആക്ഷേപിക്കാൻ തയ്യാറായിരിക്കുകയാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായി, കെ എം ഷാജി ഉൾപ്പെടെയുള്ള ലീഗിന്റെ മുതിർന്ന നേതാക്കളാണ് പൊതുവേദിയിൽ വിവാദ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ നിയമ വ്യവസ്ഥയനുസരിച്ചു വിവാഹിതരായവരാണ് മുഹമ്മദ് റിയാസും വീണയും. നിയമപരമായി വൈവാഹിക ജീവിതം നയിക്കുന്ന സ്ത്രീയുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും അപഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മുസ്ലീം ലീഗ് സ്വന്തം പ്രസ്ഥാനത്തിന്റെ നേതാക്കളുടെ ചരിത്രം പഠിക്കുന്നത് നന്നാവും.
മുഖ്യമന്ത്രിയെ ജാതീയമായി ആക്ഷേപിച്ച് പ്രകോപനപരവും വർഗീയപരവുമായ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് നേതാക്കൾക്കെതിരെ നാഷണൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന സെക്രട്ടറി ജലീൽ പുനലൂർ ഡിജിപിക്ക് പരാതി നൽകി. മതവിഷയമുന്നയിച്ച് വർഗീയ വികാരം സൃഷ്‌ടിക്കുന്ന പ്രസംഗവും മുദ്രാവാക്യവും മുഴക്കിയവർക്കെതിരെ നടപടി വേണമെന്ന് ഡിജിപി അനിൽകാന്തിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.