മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണോ, മതസംഘടനയാണോ എന്നകാര്യം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ലീഗ് ശ്രമിക്കുന്നത്. വഖഫ് ബോർഡ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ല. ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ അട്ടിപ്പേറവകാശം ഞങ്ങൾക്കാണ് എന്ന് പറഞ്ഞുകൊണ്ട് വന്നാൽ അത് അംഗീകരിക്കാൻ തയ്യാറല്ല. സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വഖഫ് ബോർഡിൽ പിഎസ്സി നിയമനത്തിന്റെ കാര്യം എന്നത് ബോർഡാണ് തീരുമാനിക്കുന്നത്. വഖഫ് ബോർഡ് തീരുമാനിച്ച് സർക്കാരിനെ അറിയിച്ചതാണ്. മതസംഘടനകളുമായി ഇക്കാര്യം ചർച്ചചെയ്യും. അതിന് പരിഹാരമുണ്ടാക്കും. അവർക്ക് അക്കാര്യത്തിൽ യാതൊരു ആശങ്കയുമില്ല. ഏറ്റവും വലിയ മുസ്ലിം സംഘടനകളായ ജിഫ്രി തങ്ങളുടെ സമസ്തയ്ക്കും, അബൂബക്കർ മുസ്ലിയാർക്കും ഇക്കാര്യം നല്ല ബോധ്യമുണ്ട്. ലീഗിന് മാത്രം ബോധ്യമില്ലപോലും, നിങ്ങളുടെ ബോധ്യം ആര് പരിഗണിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് ചെയ്യാനുള്ളത് ചെയ്യ്. ഞങ്ങൾക്കത് പ്രശ്നമല്ല -മുഖ്യമന്ത്രി പറഞ്ഞു.