ആർഎസ്‌എസ് കൊലപ്പെടുത്തിയ സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാറിന്റെ കുടുംബം അനാഥമാകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. സന്ദീപ് കുമാറിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തെ പാർട്ടി സംരക്ഷിക്കും. കുട്ടികളുടെ പഠന ചെലവുകൾ പാർടി വഹിക്കും. സന്ദീപിന്റെ ഭാര്യക്ക് സ്‌ഥിരം വരുമാനമുള്ള സുരക്ഷിതമായ തൊഴിലും കുട്ടികളെ വളർത്താനുള്ള സാമ്പത്തിക മ്യ സഹായവും നൽകും. കുട്ടികൾക്ക് എത്ര വേണമെങ്കിലും പഠിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി നേതൃത്വം ആലോചിച്ച് ഒരു ബിജെപികാരന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലുള്ളവരെ ഏകോപിപ്പിച്ച് നടത്തിയ കൊലപാതകം ആസൂത്രിതമാണ്. അതിനായി ഒരു സംഘത്തെ നിയോഗിക്കുകയാണ് ചെയ്‌തത്. അതുകൊണ്ട് തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ എത്തിക്കാൻ കഴിയുന്നതരത്തിൽ അന്വേഷണം നടത്തണമെന്നും കോടിയേരി പറഞ്ഞു.