ഛത്തീസ്ഗഢിൽ എട്ടു വർഷം മുമ്പ് മാവോയിസ്റ്റുകളെന്നാരോപിച്ച് സിആർപിഎഫ് വെടിവെച്ചുകൊന്ന നാലു കുട്ടികളടക്കമുള്ള എടുപേരും മാവോയിസ്റ്റുകളായിരുന്നില്ലെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. കൊല്ലപ്പെട്ടത് ഉത്സവ ചടങ്ങിന് ഒത്തുകൂടിയ നിരായുധരായ ആദിവാസികളായിരുന്നെന്നും സംഭവസ്ഥലത്തു നിന്ന് തിരിച്ചു വെടി വെടിവെച്ചതെന്ന് അവകാശപ്പെട്ട് ഹാജരാക്കിയ നാടൻ തോക്കുകളിൽ നിന്ന് വെടിയുതിർന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ഒരു സിആർപിഎഫ് കോൺസ്റ്റബിൾ വെടിയേറ്റ് കൊല്ലപ്പെട്ടത് സഹപ്രവർത്തകരുടെ തന്നെ വെടിയേറ്റാണെന്നും കമ്മീഷൻ കണ്ടെത്തി. കഴിഞ്ഞ ദിവം സംസ്ഥാന ക്യാബിനറ്റിൻ്റെ പരിഗണനയ്ക്കു വന്ന റിപ്പോർട്ടിലാണ് ദാരുണവും ഞെട്ടിക്കുന്നതുമായ ഈ കണ്ടെത്തൽ.
ബീജാപൂർ ജില്ലയിലെ എഡെസ്മേട്ട എന്ന ഗ്രാമത്തിൽ 2013 മെയ് 17ന് രാത്രിയായിരുന്നു സംഭവം നടന്നത്. ഉത്സവ ചടങ്ങിന് ഒത്തുകൂടിയ 30 ഓളം വരുന്ന ഗ്രാമീണർക്കു നേരെ യാതൊരു പ്രകോപനവും ഇല്ലാതെ 1000 ത്തോളം വരുന്ന സിആർപിഎഫ് സംഘം വെടിയുതിർക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ വിശദീകരിക്കുന്നു. മാവോയിസ്റ്റുകളുടെ ഒളിത്താവളം തകർത്തുവെന്നായിരുന്നു സംഭവശേഷം സിആർപിഎഫ് അവകാശപ്പെട്ടത്. തങ്ങൾക്കുനേരെ വെടിവെപ്പുണ്ടായെന്നും തുടർന്ന് തിരിച്ചു വെടിക്കുകയുമാണ് ഉണ്ടായതെന്നുമാണ് സിആർപിഎഫ് ന്യായീകരിച്ചത്.
മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് അഗർവാളാണ് ജുഡീഷ്യൽ അന്വേഷണം നടത്തിയത്. ഗ്രാമീണർക്കുനേരെ 44 റൗണ്ട് വെടിയുതിർത്തുവെന്നും ഒരു കോൺസ്റ്റബിളിൻ്റെ തോക്കിൽ നിന്നു തന്നെ 18 റൗണ്ട് വെടിയുതിർത്തിരുന്നു എന്നും കമ്മീഷൻ കണ്ടെത്തി. എന്നാൽ വേണ്ടത്ര ഇൻ്റലിജൻസ് വിവരമില്ലാതിരുന്നതിനാൽ സിആർപിഎഫ് സംഘം സംഭ്രമിച്ച് വെടിയുതിർത്തതായിട്ടാണ് മനസിലാക്കുന്നതെന്ന പരാമർശവും കമീഷൻ നടത്തിയിട്ടുണ്ട്. ഈ സംഭവം നടക്കുന്നതിന് ഒരു വർഷം മുമ്പ് സർകെ ഗുഡ എന്ന ഗ്രാമത്തിൽ സമാനമായ രീതിയിൽ നടന്ന വെടിവെപ്പിൽ കുട്ടികളടക്കം 17 ആദിവാസികൾ കൊല്ലപ്പെട്ടിരുന്നു. ആ സംഭവത്തിലും സുരക്ഷാ സേനയുടെ വീഴ്ച അന്നും ജുഡീഷ്യൽ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് അഗർവാൾ തൻ്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ആ റിപ്പോർട്ട് ഇപ്പോഴും സർക്കാർ പരിഗണനക്കെടുത്തിട്ടില്ല. എന്നാൽ എഡെസ്മേട്ട അന്വേഷണ റിപ്പോർട്ട് ക്യാബിനറ്റ് അംഗീകരിച്ചിരിക്കുകയാണ്.