ഈശോ സിനിമയ്‌ക്കെതിരായ വിവാദം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് ഡിവൈഎഫ്ഐ

ഈശോ സിനിമയ്‌ക്കെതിരെയുള്ള വിവാദം ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമെന്ന് ഡിവൈഎഫ്ഐ പ്രസ്താവന. നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദം ദൗർഭാഗ്യകരമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്. സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ മാത്രമേ ഇത്തരം വിവാദങ്ങൾ ഉപകരിക്കുകയുള്ളൂ.സിനിമയുടെ പേരോ കഥാപാത്രങ്ങളുടെ പേരോ മതവികാരം വ്രണപ്പെടുത്തും എന്നൊക്കെയുള്ള വാദം ബാലിശമാണ്. കലാ ആവിഷ്‌കാരങ്ങളെ അതിന്റെ തലത്തിൽ സമീപിക്കുകയാണ് വേണ്ടത്. സ്വതന്ത്രമായ ആവിഷ്കാരങ്ങൾക്കുള്ള സാധ്യതകൾ ഇത്തരം വിവാദങ്ങൾ ഇല്ലാതാക്കും.

അടുത്ത കാലത്തായി ഇത്തരം വിദ്വേഷ പ്രചരണങ്ങൾ ആവർത്തിക്കുകയാണ്. ഇത് പുരോഗമന കേരളത്തിന് കളങ്കമാണ്. സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കും ഇത്തരം ഇടുങ്ങിയ ചിന്തകൾ തടസ്സമാകും. കൂടുതൽ നവീകരിക്കപ്പെടേണ്ട കാലത്തു മുൻപൊരിക്കലും ഇല്ലാത്തവിധം ആവിഷ്കാര സ്വാതന്ത്യത്തിന് മേൽ കടന്നാക്രമണം വർധിക്കുന്നത് ശുഭകരമായ കാര്യമല്ല.

മതരാഷ്ട്ര വാദികൾക്ക് കൂടുതൽ രാഷ്ട്രീയ ഇന്ധനം പകരാൻ ഇത്തരം പ്രചാരണങ്ങൾ കാരണമാകും.
വർഗീയതയും വെറുപ്പും സമൂഹത്തിൽ വളർത്താൻ നടക്കുന്ന നിന്ദ്യമായ നീക്കങ്ങൾക്കെതിരെ കേരളം ജാഗ്രതയോടെ നിലയുറപ്പിക്കണം. ചില ആദരണീയരായ ക്രൈസ്തവ സഭാ മേധാവികൾ ഈശോ വിവാദത്തിൽ സ്വീകരിച്ച സഹിഷ്ണുത ഉയർത്തിപ്പിടിക്കുന്ന നിലപാടുകൾ മാതൃകാപരവുമാണ്.

കേരളത്തെ വിഭജിക്കാനുള്ള ഒരു നീക്കവും നമ്മൾ അംഗീകരിക്കരുത്. ശക്തമായ പ്രതിരോധം കേരളം ഇത്തരം വിവാദങ്ങൾക്കെതിരെ ഉയർത്തണം. വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Share This News

0Shares
0