മന്ത്രി പറഞ്ഞതിൽനിന്ന് വ്യത്യസ്തമായി കോവിഡ് നിയന്ത്രണം കടുപ്പിച്ച് സർക്കാർ ഉത്തരവ്; പൊലീസിന് കുതിരകയറാനുള്ള ലൈസൻസാകും പുതിയ ഉത്തരവെന്ന് ആശങ്ക

പൊതുജനങ്ങൾക്കുമേൽ  കോവിഡ് മാനദണ്ഡങ്ങൾ കടുപ്പിച്ച് സർക്കാർ ഉത്തരവ്.  പുതിയ ലോക്ഡൗൺ മാർഗനിർദേശങ്ങൾ പുറത്തിറക്കിക്കൊണ്ടുള്ള ഉത്തരവിലാണ് മാനദണ്ഡങ്ങൾ കടുപ്പിച്ചിരിക്കുന്നത്. കടകളിലോ മാർക്കറ്റുകളിലോ ബാങ്കുകളിലോ സർക്കാർ, പ്രൈവറ്റ്  ഓഫീസുകളിലോ വ്യവസായ സ്ഥാപനങ്ങളിലോ പോകുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കുംമേലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഡോസ് വാക്സിനേഷൻ എടുത്ത് 14 ദിവസം കഴിഞ്ഞവരോ, 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നെഗറ്റീവ് ഫലം ലഭിച്ചവരോ ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരോ ആയിരിക്കണം എന്നതാണ് പുതിയ നിബന്ധന. ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായാണ് ഉത്തരവിൽ നിബന്ധനകൾ കടുപ്പിച്ചിരിക്കുന്നത്.  ഈ നിബന്ധനകൾ പാലിക്കുന്നതാണ് അഭികാമ്യം എന്നായിരുന്നു മന്ത്രി നിയമ നയിൽ പറഞ്ഞത്. എന്നാൽ ഉത്തരവിറങ്ങിയപ്പോൾ അഭികാമ്യം എന്നത് ഒഴിവാക്കി.  തുറസായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പുതിയ ഉത്തരവുപ്രകാരം സന്ദർശനം അനുവദിച്ചിട്ടുണ്ടെങ്കിലും അവർക്കും ഈ നിയന്ത്രണങ്ങൾ ബാധകമാക്കിയിട്ടുണ്. പിഴയീടാക്കലുമായി ബന്ധപ്പെട്ട് പൊതുജനങ്ങളും പോലീസുമായി കൂടുതൽ സംഘർഷങ്ങൾക്ക് വഴിവെക്കുന്നതാകും പുതിയ ഉത്തരവ് എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ഓരോ പ്രദേശത്തേയും രോഗികളുടെ എണ്ണമനുസരിച്ചായിരിക്കും പുതിയ ലോക്‌ഡൗൺ നടപ്പാക്കുകയെന്നും കടകൾ ആറുദിവസവും തുറക്കാമെന്നും സർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.  ജനസംഖ്യയിൽ 1000 പേരിൽ എത്രയാൾക്ക് പുതിയതായി രോഗം നിർണ്ണയിക്കപ്പെടുന്നുവെന്ന് പരിഗണിച്ചാകും ഇനി മുതൽ  ലോക്‌ഡൗൺ നടപ്പിലാക്കുക.  ഒരു പ്രദേശത്തെ ജനസംഖ്യയുടെ 1000 പേരിൽ പത്തിൽ കൂടുതൽ രോഗികൾ ഉണ്ടായാൽ ഒരാഴ്‌ച ലോക്‌ഡൗൺ നടപ്പാക്കും.  മറ്റിടങ്ങളിൽ ഞായർ ഒഴികെ  ആഴ്ചയിൽ 6 ദിവസം രാവിലെ 7 മുതൽ 9 വരെ കടകൾ തുറക്കാം. വാരാന്ത്യ ലോക്‌ഡൗൺ ഞായറാഴ്‌ച മാത്രമാകും. സ്വാതന്ത്ര്യ ദിനമായ ആഗസ്‌റ്റ്‌ 15 ഞായറാഴ്‌ചയും  ഓണ തിരക്ക്‌ പരിഗണിച്ച്‌   22ന്റെ ഞായറാഴ്‌ചയും  കടകൾ തുറക്കാം. ആരാധനാലയങ്ങളുടെ വലുപ്പം കണക്കാക്കിയാവണം ആളുകൾ പങ്കെടുക്കേണ്ടത്. വലിയ  ആരാധനാലയങ്ങഴിൽ പരമാവധി 40 പേർക്ക് പങ്കെടുക്കാം. കല്യാണങ്ങളിലും മരണാനന്തര ചടങ്ങുകളിലും പരമാവധി 20 പേർക്ക് പങ്കെടുക്കാം.

സാമൂഹ്യ അകലം പാലിക്കുന്നതിനുള്ള നടപടികൾ വ്യാപാരസ്ഥാപനങ്ങൾ സ്വീകരിക്കണം.  ആൾക്കൂട്ടം ഒഴിവാക്കുവാൻ ഹോം ഡെലിവറി വിപുലീകരിക്കണം. പൊലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും  ആവശ്യമായ പരിശോധന നടത്തണം.  കടകളിൽ സാമൂ ഹിക അകലം പാലിക്കുന്നതിനായി 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന നിലയിൽ ആയിരിക്കണം പ്രവേശനം.

Share This News

0Shares
0