വടക്കു കിഴക്കൻ ഇന്ത്യയിലെ അയൽ സംസ്ഥാനങ്ങളായ ആസാമും മിസോറാമുമായുള്ള അതിർത്തി സംഘർഷത്തിൽ ആസാം പൊലീസിലെ ആറുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സംസ്ഥാന അതിർത്തി സംരക്ഷിക്കുന്നതിനിടെയാണ് അസം പോലീസിലെ ആറ് ജവാൻമാർ കൊല്ലപ്പെട്ടതെന്നാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രതികരിച്ചത് . അസമും മിസോറാമും തമ്മിലുള്ള അതിർത്തി തർക്കത്തെത്തുടർന്ന് അസമിലെ കാച്ചർ ജില്ലയിലാണ് പുതിയ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
സംഭവമറിഞ്ഞ് കേന്ദ്രസേനയായ സിആർപിഎഫ് രംഗത്തിറങ്ങിയിട്ടുണ്ട്.
സംഘർഷത്തിൽ നിന്നും പിൻവാങ്ങാൻ അസമിനെ പ്രേരിപ്പിച്ചതായും പിൻമാറാൻ മിസോറാമിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലായെന്ന് കരുതുന്നതായും സിആർപിഎഫ് വൃത്തങ്ങൾ പറഞ്ഞു.
അസമിലെ കാച്ചാർ ജില്ലയിലെ ലൈലാപൂർ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ അസമിൽ നിന്നും മിസോറാമിൽ നിന്നുമുള്ള നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പോലീസുകാർ ഉൾപ്പെടെ 65 പേർക്ക് പരിക്കേറ്റതായും ഇവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും കാച്ചാർ ജില്ലയിലെ പ്രദേശവാസികൾ പറയുന്നു. ഇതിൽ 40 ഓളം പേരെ സിൽചാർ മെഡിക്കൽ കോളേജിലേക്കും റഫർ ചെയ്തതായി നാട്ടുകാർ പറഞ്ഞു..
‘മിസോറാം പ്രദേശത്തേക്ക് കടന്നുകയറിയ അസം സർക്കാരിന്റെ നീതിരഹിതമായ നടപടിയെ തന്റെ സർക്കാർ ശക്തമായി അപലപിക്കുന്നു’ എന്നാണ്
സംഘർഷസംഭവത്തിൽ മിസോറം മുഖ്യമന്ത്രി സോറാംതംഗ മാധ്യമങ്ങളോട് പ്രതികരിച്ചത്. “ഇരുവശത്തും അനാവശ്യമായ പരിക്കുകൾ ഒഴിവാക്കാൻ കഴിയുമായിരുന്നതിൽ മിസോറം സർക്കാർ ഖേദിക്കുന്നു’ എന്നും സോറാംതംഗ മാധ്യമങ്ങളോട് പറഞ്ഞു. ഇരുുസംസ്ഥാനങ്ങളിലും ബിജെപി മുന്നണിയാണ് ഭരണത്തിൽ.