സർക്കാർ വിരുദ്ധ പ്രക്ഷോഭം: ക്യൂബയിൽ വിമത മാർക്സിസ്റ്റ് നേതാവ് വീട്ടുതടങ്കലിൽ

ഭക്ഷണത്തിനും വാക്സിനും ക്ഷാമം നേരിടുന്നുവെന്നും കോവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നും ആരോപിച്ച് പ്രക്ഷോഭത്തിനിറങ്ങിയ ക്യൂബയിലെ വിമത മാർക്സിസ്റ്റ് നേതാവ് ഫ്രാങ്ക് ഗാർഷ്യ ഹെർണാണ്ടസിനെ ക്യൂബൻ ഭരണകൂടം വീട്ടുതടങ്കലിലാക്കിയതായി റിപ്പോർട്ട്. പ്രതിഷേധത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ കഴിഞ്ഞ ഞായറാഴ്ച ഫ്രാങ്കിനെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരുന്നു. തിങ്കളാഴ്ച രാത്രിയോടെ ജയിലിൽനിന്നും മോചിപ്പിച്ചെങ്കിലും പിന്നീട് പൊലീസ് നിയന്ത്രണത്തിൽ വീട്ടുതടങ്കലിലാക്കുകയായിരുന്നു.

ആറു പതിറ്റാണ്ടായി തുടരുന്ന സാമ്രാജ്യത്വ ഉപരോധമാണ് ക്യൂബയിലെ സ്ഥിതിഗതികൾ വഷളാക്കിയത്. അമേരിക്കയിലെ ട്രംപ് ഭരണകൂടം ക്യൂബയ്ക്കുമേൽ 200 അധിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബിഡൻ ഭരണകൂടം അതു തുടരുന്നതിനിടെയാണ് ക്യൂബയിലെ പുതിയ സംഭവവികാസങ്ങൾ‌.

പ്രധാനമായും 1994 മുതലാണ് പ്രതിഷേധങ്ങൾക്കുനേരെ ക്യൂബയിൽ പോലീസ് സേന അക്രമാസക്തമായ അടിച്ചമർത്തൽ സമീപനം സ്വീകരിച്ചുതുടങ്ങിയത്. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രതിഷേധത്തേത്തുടർന്ന് അറസ്റ്റിലായ, സോഷ്യോളജിസ്റ്റും ചരിത്രകാരനും കമ്യൂണിസ്റ്റാസ് ബ്ലോഗ് അംഗവുമായ ഫ്രാങ്കിനെ, എൽജിടിബിക്യു കമ്മ്യൂണിറ്റി മാസികയുടെ ഡയറക്ടർ മൈക്കൽ ഗോൺസാലസ് വിവേറോയ്‌ക്കൊപ്പമാണ് താങ്കാഴ്ച രാത്രി ജയിലിൽനിന്നും വിട്ടയച്ചത്. എന്നാൽ ഫ്രാങ്കും മൈക്കലും ഇപ്പോൾ വീട്ടുതടങ്കലിലാണെന്ന് അവരുടെ സഹപ്രവർത്തകർ പറയുന്നു. അവർക്ക് ഭരണകൂടത്തിൻ്റെ മുൻകൂർ അനുമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്താൻ അനുവാദമില്ല. ഇത് വ്യക്തമായ രാഷ്ട്രീയ പീഡനവും ഏറ്റവും അടിസ്ഥാനമായ ജനാധിപത്യ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണവുമാണെന്ന് വിമത മാർക്സിസ്റ്റ് പ്രവർത്തകർ പറയുന്നു.

മാർക്കോ അന്റോണിയോ പെരെസ് ഫെർണാണ്ടസ്, ലിയോനാർഡോ റൊമേറോ നെഗ്രോൺ എന്നിവരുൾപ്പെടെ ഞായറാഴ്ച അറസ്റ്റിലായ മറ്റ് സോഷ്യലിസ്റ്റ് പ്രവർത്തകരെ ഇപ്പോഴും തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്. അവരെ ഉടൻ മോചിപ്പിക്കണമെന്നും വീട്ടുതടങ്കൽ ഉൾപ്പെടെ എല്ലാ ജുഡീഷ്യൽ നടപടികളും റദ്ദാക്കണമെന്നും ഫ്രാങ്കിനും അദ്ദേഹത്തിന്റെ സഖാക്കൾക്കുമെതിരായ പീഡനം അവസാനിപ്പിക്കണമെന്നും വിമത മാർക്സിസ്റ്റുകൾ ആവശ്യപ്പെടുന്നു. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തിനും, സ്വതന്ത്ര –  സാമൂഹിക, രാഷ്ട്രീയ, ട്രേഡ് യൂണിയൻ പ്രവർത്തനത്തിനുമായി അടിച്ചമർത്തലും തടങ്കൽ നടപടികളും ക്യൂബൻ ഭരണകൂടം അവസാനിപ്പിക്കണമെന്നും വിമതർ പ്രസ്താവനയിൽ പറഞ്ഞു.

Share This News

0Shares
0