ബ്രസീലിനെതിരായ കോപ്പ അമേരിക്ക ഫൈൈനലിൽ സൂപ്പർ താരം ലയണൽ മെസ്സി പരിക്കുമായാണ് കളിച്ചതെന്ന് വെളിപ്പെടുത്തി അർജന്റീന കോച്ച് ലയണൽ സ്കലോണി. മെസ്സിയെ അഭിനന്ദനങ്ങൾകൊണ്ട് മൂടിക്കൊണ്ടാണ് സ്കലോണി വേദനാജനകമായ ഇക്കാര്യം വെളിപ്പെടുത്തിയത്. റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ അർജന്റീന 1-0ന് വിജയിച്ചതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: “കോപ അമേരിക്കയിൽ അദ്ദേഹം കളിച്ച രീതി നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾ അദ്ദേഹത്തെ കൂടുതൽ സ്നേഹിക്കും,” സ്കലോണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പരിക്ക് എന്താണെന്ന് സ്കലോണി പറഞ്ഞില്ല. “സാധാരണ കോച്ച്-പ്ലേയർ ബന്ധത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ബന്ധമാണ് എനിക്കുള്ളത്. മെസ്സി യോടും അദ്ദേഹത്തിന്റെ സഹകളിക്കാരോടും ഞാൻ എന്നും നന്ദിയുള്ളവനാണ് ” സ്കലോണി കൂട്ടിച്ചേർത്തു.
ഫിഫ പ്ലെയർ ഓഫ് ദ ഇയർ അവാർഡ് മെസ്സി ആറ് തവണ നേടിയിരുന്നു. ക്ലബ്ബിനായും വ്യക്തിഗതമായും മെസ്സി എല്ലാ ബഹുമതികളും നേടിയിട്ടുണ്ട്. എന്നാൽ സ്വന്തം രാജ്യത്തിനു വേണ്ടി കളിച്ച ഫൈനലുകളിൽ നാലെണ്ണവും നഷ്ടപ്പെട്ടിരുന്നു. ഈ തോൽവികളിൽ നിരാശനാനായ മെസ്സി 2016 ലെ കോപ്പ അമേരിക്കയിൽ ചിലിയോട് തോറ്റതിന് ശേഷം വിരമിക്കൽ പ്രഖ്യാപനം വരെ നടത്തിയിരുന്നു.തുടർന്ന് രാജ്യത്തിൻ്റെയും ആരാധകരുടെയും അഭ്യർത്ഥന മാനിച്ചായിരുന്നു ആഴ്ചകൾക്ക് ശേഷം അന്താരാഷ്ട്ര മത്സരത്തിലേക്ക് തിരിച്ചുവന്നത്.