തൊഴിലുറപ്പിനു പോകുന്ന സഹോദരങ്ങളുള്ള മന്ത്രി. തൻ്റെ പദവിയും അധികാരം ഉപയോഗിച്ച് സ്വന്തക്കാർക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാൻ പാടില്ലായെന്ന ആദർശമുള്ളയാൾ. കേരള നിയമസഭയുടെ സ്പീക്കറും മുൻ മന്ത്രിയും നിരവധി തവണ എംൽഎയുമായ ഇപ്പോഴത്തെ ദേവസ്വം മന്ത്രി
കെ രാധാകൃഷ്ണനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മുൻ മന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗംകൂടിയായ മന്ത്രി കെ രാധാകൃഷ്ണൻ്റെ കുടുംബത്തെക്കുറിച്ചും ആദർശനിഷ്ടയേക്കുറിച്ചും വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തോമസ് ഐസക്കിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ രൂപം ഇങ്ങനെ:
“മന്ത്രി രാധാകൃഷ്ണന്റെ വീട്ടിൽച്ചെല്ലുമ്പോൾ മുറ്റത്തെല്ലാമായി വലിയൊരു ആൾക്കൂട്ടമുണ്ട്. വീട്ടിൽ ഇത്രയും ആളുകളുണ്ടെങ്കിൽ എംഎൽഎ ഓഫീസ് ഉദ്ഘാടനത്തിന് എത്രപേർ ആയിരിക്കുമെന്നാണ് ഞാൻ ആദ്യം ചിന്തിച്ചത്. പേടിക്കണ്ട. എല്ലാ ദിവസവും കാലത്ത് ഇതുപോലൊരു ആൾക്കൂട്ടം വീട്ടിലുണ്ടാവും. ചടങ്ങുമായി ഒരു ബന്ധവുമില്ലെന്ന് രാധാകൃഷ്ണൻ പറഞ്ഞു. എല്ലാവരോടും കുശലം പറഞ്ഞ് നിവേദനം സംബന്ധിച്ച് ഉറപ്പുകളൊക്കെ നൽകി പിരിച്ചുവിടാൻ മുക്കാൽ മണിക്കൂർ എടുത്തു. ആ ഒരു സമയത്ത് ഞാൻ വീട്ടുകാരുമായി സൊറപറഞ്ഞ് ഇരുന്നു.
രാധാകൃഷ്ണന്റെ വീട്ടിൽ ഇതിനുമുമ്പ് ഒരു പ്രാവശ്യമേ പോയിട്ടുള്ളൂ. എന്നാൽ ഒരു അതിഥിയായിട്ടല്ല, വീട്ടുകാരനെപ്പോലെയാണ് എല്ലാവരും പെരുമാറിയത്. നാല് സഹോദരിമാരിൽ മൂന്നുപേർ ഉണ്ടായിരുന്നു. അമ്മയും. പിന്നെ ഏതാനും അയലത്തുകാരും. ഇവരുടെ ഭർത്താക്കൻമാർ, മക്കൾ എല്ലാവരെയും എടുത്താൽ പട്ടാളത്തിലുള്ള ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം നാട്ടിൽത്തന്നെ സാധാരണ തൊഴിലുകളിലാണ്. സഹോദരിമാർ തൊഴിലുറപ്പിനും പോകും. രാധാകൃഷ്ണൻ അങ്ങനെയാണ്. തന്റെ പദവിയും അധികാരവും ഉപയോഗിച്ച് സ്വന്തക്കാർക്ക് എന്തെങ്കിലും ചെയ്തുകൊടുക്കാൻ പാടില്ലായെന്നാണ് ആദർശം. അതിൽ അവർക്കു വലിയ പരിഭവവുമില്ല.
ചക്കപ്പുഴുക്കും കപ്പപ്പുഴുക്കും പിന്നെ മത്തിക്കറിയും അതായിരുന്നു പ്രാതൽ. അപ്പോഴേയ്ക്കും ഈറ്റ സംഘക്കാർ നിവേദനവുമായി വന്നു. അവർകൊണ്ടുവന്ന അലങ്കാര മുള വീട്ടിനു മുന്നിൽ നട്ടു. ചേലക്കര ടൗണിലെ എംഎൽഎ ഓഫീസിന്റെ ഉദ്ഘാടനത്തിനുപോയി. കഴിഞ്ഞു രണ്ടു ദശാബ്ദക്കാലത്തിനിടയിൽ വലിയ മാറ്റങ്ങളാണ് ചേലക്കരയിൽ വന്നിട്ടുണ്ട്. ഇതിന്റെ വലിയൊരു അംഗീകാരവും നാട്ടിലുണ്ട്. ആദ്യമായിട്ടാണ് ഔപചാരികമായ ഒരു എംഎൽഎ ഓഫീസ് ആരംഭിക്കുന്നത്. മന്ത്രിയായതുകൊണ്ട് എപ്പോഴും സാന്നിദ്ധ്യമുണ്ടാവില്ലല്ലോ. അതുകൊണ്ട് നാട്ടുകാർക്കു ബന്ധപ്പെടാൻ ഒരിടം. ഇത്തവണ തദ്ദേശഭരണ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് പ്രാദേശികമായി തൊഴിൽ സൃഷ്ടിക്കുന്നതിനും കാർഷികാഭിവൃദ്ധിക്കും ഒരു പരിപാടി തയ്യാറാക്കാമെന്നു മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുണ്ട്. അതിന്റെ സിരാകേന്ദ്രവും കൂടിയായിരിക്കും ഈ ഓഫീസ്.