സംസ്ഥാന വോട്ടർ പട്ടികയിലുള രണ്ടുകോടി 67ലക്ഷം വോട്ടർമാരുടെ പേര് വിവരങ്ങൾ ചോർന്നെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി. ഇതു സംബന്ധിച്ച് ജോയിൻ്റ് ചീഫ് ഇലക്ട്രൽ ഓഫീസർ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക ലാപ്ടോപ്പിൽ നിന്ന് വിവരങ്ങൾ ചോർന്നുവെന്നാണ് പരാതി. തെരഞ്ഞെടുപ്പു കമ്മീഷനുവേണ്ടി വോട്ടർപട്ടിക തയ്യാറാക്കിയ കെൽട്രോണിലെ താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ടത് നേരത്തെ വിവാദമായിരുന്നു. വോട്ടർപട്ടികയിൽ 38,000ത്തോളം വ്യാജ വോട്ടർമാർ ഉണ്ടെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചിരുന്നു. വോട്ടർമാരുടെ വിവരങ്ങൾ ശേഖരിച്ച വിദേശത്തുള്ള ഒരു കമ്പനിയുടെ സഹായത്തോടെയായിരുന്നു രമേശ് ചെന്നിത്തലയുടെ അന്നത്തെ ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരാതി അർഥശൂന്യം എന്നാണ് പുതിയ സംഭവ വികാസങ്ങളോട് പ്രതിപക്ഷത്തിന്റെ പ്രതികരണം.