മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇതുവരെ സ്വാധീനമുണ്ടാക്കാൻ കഴിയാത്ത ഇന്ത്യയുടെ ഹൃദയഭൂമിയായ മധ്യ പ്രദേശിലും മാവോയിസ്റ്റു കമ്യൂണിസ്റ്റു പാർട്ടി സ്വാധീനമുറപ്പിക്കുന്നതായി റിപ്പോർട്ടുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുതിയ റിപ്പോർട്ടു പ്രകാരം മധ്യപ്രദേശിലെ മൂന്നു ജില്ലകളെ മാവോയിസ്റ്റു സാന്നിധ്യമുള്ളതായി രേഖപ്പെടുത്തിയിരിക്കുകയാണ്. 2018 വരെ ബാലഗഡ് ജില്ല മാത്രമായിരുന്നു ലിസ്റ്റിൽ ഉണ്ടായിരുന്നത്. 2018ൽ സമീപ ജില്ലയായ മാണ്ട്ല ലിസ്റ്റിൽ വന്നു. ഇപ്പോൾ മറ്റൊരു സമീപ ജില്ലയായ ദിൻഡോറിയെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലയായാണ് ബാലഗഡ് ജില്ലയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിട്ടുള്ളത്. മാണ്ട്ല ജില്ലയിൽ ഈ വർഷം ഫെബ്രുവരിയിൽ പൊലീസുമായി ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടിൽ പറയുന്നു. ഈ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഏരിയയിൽ മാവോയിസ്റ്റുകൾ രൂപീകരിച്ചിട്ടുള്ള സായുധ ബറ്റാലിയൻ്റെ പേര് വിസ്താർ ദളമെന്നാണ്. ദിൻഡോറി ജില്ലയാണ് പ്രവേശന കേന്ദ്രമായി കണക്കാക്കുന്നത്. മാവോയിസ്റ്റു സ്വാധീന സംസ്ഥാനമായ ഛത്തീസ്ഗഢിൻ്റെ അതിർത്തിയിലും മാണ്ട്ല ജില്ലയുടെ വടക്ക് കിഴക്കായുമാണ് ദിൻഡോറി ജില്ല. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയും, ഛത്തീസ്ഗഢിലെ കവർധ, രാജ്നന്ദ്ഗോൺ എന്നീ ജില്ലകളും വിസ്താർ ദളത്തിൻ്റെ ഭാഗമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ച് മാവോയിസ്റ്റ് സ്വാധീനത്തിന് തടയിടാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.