പിടികൂടാൻ രണ്ടു ലക്ഷം വിലയിട്ടിരുന്ന കമ്യൂണിസ്റ്റുകാരിയെ പൊലീസ് വെടിവെച്ചുകൊന്നു. ഛത്തീസ് ഗഢിലെ ദന്തേവാഡ ജില്ലയിലാണ് സംഭവം. 24 വയസുള്ള വൈകോ പെക്കോ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ദന്തേവാഡയിലെ ഗീഡം പൊലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച പുലർച്ചെ 6.30നു നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നാണ് ദന്തേവാഡ എസ് പി അഭിഷേക് പല്ലവ് അവകാശപ്പെട്ടത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിൻ്റെ സായുധ വിഭാഗമായ ജനകീയ വിമോചന ഗറില്ലാ സേനയുടെ 24 ആം നമ്പർ പ്ലാറ്റൂണിലെ അംഗമാണ് കൊല്ലപ്പെട്ടതെന്ന വിവരവും എസ് പിയാണ് മാധ്യമങ്ങളോടു വ്യക്തമാക്കിയത്. അതേസമയം മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്നും സംഭവത്തേക്കുറിച്ച് പ്രസ്താവനകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.