ഇസ്രയിലിൻ്റെ സൃഷ്ടിയായിരുന്നു ഹമാസ് എന്നത് വെറും ഗൂഢാലോചനാ സിദ്ധാന്തമല്ലെന്ന് റിപ്പോർട്ടുകൾ. ഇരുഭാഗത്തും നിരപരാധികളുടെ ചോര വീഴ്ത്തിക്കൊണ്ടുള്ള ഇസ്രയിലിൻ്റെ അധിനിവേശ യുദ്ധം തീവ്രമാകുമ്പോഴാണ് ഇങ്ങനെ ഒരു കുതന്ത്രംകൂടി ഇസ്രയേൽ പ്രയോഗിച്ചിരുന്നു എന്ന കാര്യം ചർച്ചയാകുന്നത്.
അൽ ജസീറ ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ ലോകമാധ്യമ രംഗത്ത് സുപരിചിതനായ മെഹ്ദി ഹസനാണ് ഒരു ഓൺലൈൻ മാധ്യമത്തിൽ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന ചില തുറന്നുപറച്ചിലുകൾ വീഡിയോ സഹിതം പങ്കുവെച്ചത്. യാസർ അറഫത് നേതൃത്വം വഹിച്ചിരുന്ന ഫലസ്തീൻ വിമോചന സംഘടനയിലെ ഇടതുപക്ഷക്കാർക്കും മതേതരവാദികൾക്കുമെതിരെ, ധനസഹായമുൾപ്പടെ നൽകി ഇസ്രയേൽ വളർത്തിക്കൊണ്ടുവന്ന സംഘടനയാണ് പിന്നീട് ഇസ്രയിലിൻ്റെ മുഖ്യശത്രുവായി മാറിയ ഹമാസ് എന്ന് മെഹ്ദി ഹസൻ ചൂണ്ടിക്കാണിക്കുന്നത്. 1980 കളുടെ തുടക്കത്തിൽ ഗാസയിലെ ഇസ്രയിലി സൈനിക ഗവർണറായിരുന്ന ബ്രിഗേഡിയർ ജനറൽ യിസഹാക് സെഗേവ് പിൽക്കാലത്ത് ന്യൂയോർക്ക് ടൈംസിലെ മാധ്യമ പ്രവർത്തകനോട് ഇക്കാര്യം കുറ്റസമ്മതമായി വെളിപ്പെടുത്തിയത് മെഹ്ദി ഹസൻ ചൂണ്ടിക്കാണിക്കുന്നു. ഫലസ്തീനികളെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ഇസ്രയിലിൻ്റെ തന്ത്രത്തിൻ്റെ ഭാഗമായിരുന്നു അത്. ഫലസ്തീനികളുടെ എക്കാലത്തെയും പ്രിയനേതാവായ യാസർ അറഫാത്തുതന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളതും മെഹ്‌ദി ഹസൻ ഓർമിപ്പിക്കുന്നു.
ഹമാസിനെ സാമ്പത്തികമായി സഹായിക്കാൻ ഇസ്രയിൽ ഗവൺമെൻ്റ് പ്രത്യേക ബഡ്ജറ്റും തയ്യാറാക്കി നൽകിയിരുന്നു. പള്ളികൾ വഴിയായിരുന്നു പണം കൈമാറിയിരുന്നത്.
20 വർഷത്തിലധികം ഗാസയിൽ ജോലി നോക്കിയിട്ടുള്ള ഇസ്രയിലി മതകാര്യ ഉദ്യോഗസ്ഥൻ അവ്നർ കോഹനും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീനിലെ മതേതരവാദികൾക്കെതിരെ ഇസ്ലാമിസ്റ്റുകളെ വളർത്തിക്കൊണ്ടുവരുന്ന ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രം തിരിച്ചടിയാവുമെന്ന് അക്കാലത്തുതന്നെ തൻ്റെ ഉന്നത ഉദ്യോഗസ്ഥർക്ക് ഔദ്യോഗിക റിപ്പോർട്ടുകളിലൂടെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും വാൾസ്ട്രീറ്റ് ജേണലിനോടു നടത്തിയ വെളിപ്പെടുത്തലിൽ കോഹൻ വ്യക്തമാക്കിയിട്ടുള്ളതും മെഹ്ദി ഹസൻ ചൂണ്ടിക്കാട്ടുന്നു.