ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയിൽ മതസ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ കാഫിർ പ്രയോഗം നടത്തിയ കുറ്റവാളികളെ കണ്ടെത്തിയെങ്കിലും പോലീസ് കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുടെ ഇടപെടൽ കൊണ്ടാണെന്ന് മുൻ സിപിഐ എം സഹയാത്രികനും, കോൺഗ്രസ് നേതാവുമായ ചെറിയാൻ ഫിലിപ്പ് പ്രസ്താവനയിൽ പറഞ്ഞു. സാമൂഹ്യ മാധ്യമത്തിലെ കള്ള നിർമ്മിതിയ്ക്കു പിന്നിൽ ഒരു സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനാണ്. ജനങ്ങൾക്കിടയിൽ പകയും വിദ്വേഷവും വളർത്തിയ ഗുരുതര കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമം 153 എ വകുപ്പു പ്രകാരം കുറ്റവാളിയെ പോലീസ് അറസ്റ്റു ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കേണ്ടതാണ്.
വിവാദ പോസ്റ്റ് ഷെയർ ചെയ്തത് പിൻവലിക്കുകയും ഫേസ് ബുക്ക് അക്കൗണ്ട് പൂട്ടുകയും ചെയ്ത കെ.കെ.ലതികയെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായിട്ടില്ല. സി.പി.എം-നെ പ്രതിരോധത്തിലാക്കിയ കാഫിർ പ്രയോഗ ഉപജ്ഞാതാവിന്റെ പേര് സി.പി.എം സംസ്ഥാന കമ്മറ്റി യോഗത്തിൽ കെ.കെ.ശൈലജയും എം.വി.ജയരാജനും പറഞ്ഞെങ്കിലും കുറ്റവാളികളെ രക്ഷിക്കാനാണ് ആഭ്യന്തര വകുപ്പും പാർട്ടിയും ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.